ഗോതമ്പ് പൊടി കൊണ്ട് ഗ്യാസ് സിലിണ്ടറിലെ തീ അണയ്ക്കാൻ കഴിയുമോ?
text_fieldsഗോതമ്പ് പൊടി കൊണ്ട് ഗ്യാസ് സിലിണ്ടറിലെ തീ അണയ്ക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് പറയുകയാണ് മലപ്പുറത്തെ ഫയർ ഫോഴ്സ് ഓഫിസർ അബ്ദുൾ സലിം . ഇ.കെ. ജാഗ്രത മാത്രമല്ല കുറച്ച് ഭയവും നല്ലതാണെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന്റെ പൂർണ രൂപം:
"ഗോതമ്പ് പൊടി "കൊണ്ട് ഗ്യാസ് സിലിണ്ടറിലെ തീ അണയ്ക്കുന്ന അൽഭുത വീഡിയോ ഷെയർ ചെയ്യാൻ ആഹ്വാനം ചെയ്ത് കൊണ്ട് പല വാട്സ് ആപ്ഗ്രൂപ്പിലും പലരും പോസ്റ്റ് ചെയ്തത് കണ്ടു. പരിചയക്കാർ പലരും ഈ പൊടിയുടെ പ്രയോഗം കണ്ട് സംശയനിവാരണത്തിനും സമീപിക്കുകയുണ്ടായി.
ആദ്യമായി പറയാനുള്ളത് ഇങ്ങനെ തീയണയ്ക്കാൻ ഒരു പൊടിയുടേയും ആവശ്യമില്ല. ഗോതമ്പ് പൊടി കൊണ്ട് തീ അണയ്ക്കാനാവില്ല. കൈ കൊണ്ട് ഒന്ന് ചെറുതായി പൊത്തിപ്പിടിച്ചാൽ തന്നെ തീ അണയ്ക്കാം. മറ്റ് തകരാറുകൾ ഒന്നുമില്ലാത്ത റഗുലേറ്റർ ആണെങ്കിൽ ഓഫ് ചെയ്യാനും എളുപ്പമാണ്. (രണ്ടാമത്തെ വീഡിയോ കാണുക) പൊത്തിപ്പിടിക്കുകയും വേണ്ട റഗുലേറ്റർ ഓഫ് ചെയ്ത് തന്നെ തീയണയ്ക്കാം.
ഗ്യാസ് ലീക്കായി കത്തിയാൽ തീ അണയ്ക്കുന്നത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഗ്യാസ് ലീക്ക് തടയുക എന്നതും. അത് കൊണ്ട് തീ അണച്ചാൽ ഗ്യാസ് ലീക്ക് പൂർണമായും നിർത്താനാവുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഇങ്ങനെ തീ അണയ്ക്കാവൂ. കത്താതെ ലീക്ക് ചെയ്യുന്ന ഗ്യാസ് കൂടുതൽ പ്രദേശത്തേക്ക് വ്യാപിച്ച ശേഷം അഗ്നി ബാധയുണ്ടായാൽ വലിയ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടാവാം. പുറത്ത് വരുന്ന ഗ്യാസ് ഇത് പോലെ കത്തിക്കൊണ്ടിരുന്നാൽ ഗ്യാസ് തീരുമെന്നല്ലാതെ മറ്റ് അപകട സാധ്യതകൾ ഒന്നുമില്ല. ഒരു ചാക്കോ തുണിയോ നനച്ച് സിലിണ്ടറിൽ ഇടുന്നത് സിലിണ്ടർ ചൂടായി ഉണ്ടാകുന്ന അപകട സാധ്യത കുറയ്ക്കും.
വീഡിയോയിൽ കാണുന്നത് ഡമോൺസ്ട്രേഷന് വേണ്ടി ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചതാണ്. തീ കെടുത്താൻ ഉപയോഗിച്ചത് ഗോതമ്പ് പോടി ആവാൻ വഴിയില്ല. ഫയർ എക്സ്റ്റിംഗുഷറിൽ ഉപയോഗിക്കുന്ന ഡ്രൈ കെമിക്കൽ പൗഡർ ആയിരിക്കാം. ഗോതമ്പ് പൊടി ഇങ്ങനെ ഉപയോഗിച്ചാൽ കത്തിപ്പോകാനാണ് സാധ്യത. ഇത് പോലെ ജറ്റ് രൂപത്തിൽ തീ പുറത്തേക്ക് വരുന്ന രീതിയാവില്ല യഥാർത്ഥത്തിൽ ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്ററിനോ വാൽവിന് തകരാറ് വന്നുണ്ടാവുന്ന അഗ്നിബാധയിൽ കാണുന്നത്. റഗുലേറ്ററിന്ചുറ്റും തീ ആളിപ്പടരാം, ഒപ്പം ജറ്റ് ആയും തീ പുറത്തേക്ക് വരാനും സാധ്യതയുണ്ട്.
നനഞ്ഞ തുണി ഉപയോഗിച്ചോ ബക്കറ്റ് കൊണ്ടു മൂടിയോ തീ അണയ്ക്കുന്നത് പല വീഡിയോയിലും പല ബോധവൽക്കരണ ക്ലാസുകളിലും കാണാറുണ്ട്. ഇവിടെ പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് റഗുലേറ്ററിന്റെ അവസ്ഥയാണ്. റഗുലേറ്റർ ചൂടായി അതിന്റെ ചില ഭാഗങ്ങൾ ഉരുകിയ നിലയിലോ, രൂപ മാറ്റം വന്ന സ്ഥിതിയിലോ ആണെങ്കിൽ തീ അണച്ചു കഴിഞ്ഞാലും നമുക്ക് ഗ്യാസ് ലീക്ക് തടയാൻ കഴിയണമെന്നില്ല. റഗുലേറ്റർ ഊരി മാറ്റിയാലും ചിലപ്പോൾ വാൽവ് തകരാറോ മണൻതരി പോലെ മറ്റ് എന്തെങ്കിലും അന്യവസ്തുക്കൾ കയറി വാൽവ് പ്രവർത്തനക്ഷമമല്ലാത്ത സാഹചര്യമോ ആണെങ്കിൽ നമുക്ക് ലീക്ക് നിർത്താൻ കഴിയില്ല. വാതകം ചുറ്റുപാടും വ്യാപിക്കും ചെറിയ ഒരു സ്പാർക്കിൽ ആ പ്രദേശം മുഴുവൻ തീ പടരുകയും ചെയ്യും.
ഈ സമയത്ത് നമുക്ക് ചെയ്യാവുന്നത് സിലിണ്ടറിന്റ ബോഡി നനഞ്ഞ തുണിയോ ചാക്കോ ഉപയോഗിച്ച് പൊതിഞ്ഞ് സുരക്ഷിതമായ തുറന്ന ഇടത്തേക്ക് കൊണ്ടുപോയി വെക്കുക എന്നതാണ്. അല്ലെങ്കിൽ തീ പിടുത്ത സാധ്യതയുളള മറ്റുവസ്തുക്കൾ പരിസരത്ത് നിന്ന് മാറ്റി ഫയർ സർവീസോ മറ്റ് വിദഗ്ദരോ എത്തുന്ന വരെ ഗ്യാസിനെ സ്വതന്ത്രമായി കത്താൻ അനുവദിക്കുക എന്നതാണ്...ജാഗ്രത മാത്രമല്ല ഗ്യാസ് ഫയർ ഉണ്ടായാൽ കുറച്ച് ഭയവും നല്ലത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.