Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അനാഥ മക്കൾ ഉണ്ടെങ്കിൽ...

‘അനാഥ മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ മേഡം..’; ദത്തെടുക്കാൻ എല്ലാവർക്കും കഴിയുമോ? നിയമം പറയുന്നതിങ്ങനെ

text_fields
bookmark_border
child adoption
cancel
camera_alt

പ്രതീകാത്മക എ.ഐ നിർമിത ചിത്രം

തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾ​െപാട്ടലിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ മക്കളെ സംരക്ഷിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തുവരുന്നത്. കരുണവറ്റാത്ത ഹൃദയങ്ങൾ മാധ്യമവാർത്തകൾക്ക് താഴെയും സമൂഹമാധ്യമങ്ങളിലും തങ്ങളുടെ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. മക്കളില്ലാത്തവരാണ് ഇവരിൽ അധികവും. ആൺമക്കൾ മാത്രമുള്ള ചിലർ പെൺമക്കളെ ദത്തെടുക്കാനും നേരെ തിരിച്ചും സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. ​ഇത്തരത്തിൽ ഒരു സുമനസ്സ് ആരോഗ്യമന്ത്രി വീണാജോർജി​ന്റെ ഫേസ്ബുക് പോസ്റ്റിന് കീഴിൽ ‘അനാഥർ ആയി എന്ന് തോന്നുന്ന മക്കൾ ഉണ്ടെങ്കിൽ എനിക്ക് തരുമോ മേഡം.. എനിക്ക് കുട്ടികൾ ഇല്ല. ഞാനും ഭാര്യയും പൊന്നൂ പോലെ നോക്കാം’ എന്ന് കമന്റ് ചെയ്തിരുന്നു.

അങ്ങനെ ആഗ്രഹിക്കുന്നവർക്കെല്ലാം കുട്ടികളെ ദത്തെടുക്കാൻ കഴിയുമോ? വയനാട് പോയാൽ നേരിട്ട് കുട്ടികളെ ദത്ത് തരുമോ? പലർക്കും ഉള്ള സംശയമാണ് ഇതൊക്കെ. എന്നാൽ, വിചാരിക്കുന്നത് പോലെ കുട്ടികളെ ദത്തെടുക്കാൻ കഴിയില്ല. അതിന് അതി​ന്റേതായ നടപടിക്രമങ്ങൾ പാലിക്കണം.

മാതാപിതാക്കൾ നഷ്ടപ്പെട്ട, കുടുംബക്കാർ ആരും സംരക്ഷിക്കാൻ ഇല്ലാത്ത കുഞ്ഞുങ്ങളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുക. ഇത്തരം കുഞ്ഞുങ്ങളെയാണ് നിയമപരമായ നടപടികളിലൂടെ ഫോസ്റ്റർ കെയറിനും ദത്തെടുക്കലിനും നൽകുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുക. ഇന്ത്യയിൽ ഈ വർഷം 1361 കുട്ടികളെയാണ് ഇതുവരെ ദത്ത് നൽകിയത്. അതേസമയം, ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് 34847 മാതാപിതാക്കൾ CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ 2108 കുട്ടികളാണ് ദത്തിന് നൽകാനായി സർക്കാർ സംരക്ഷണയിൽ കഴിയുന്നത്.

അനാഥരും മതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്‍പ്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികളെ കേന്ദ്ര സര്‍ക്കാരിന്‍റെ CARA (Central Adoption Resource Authority) മാര്‍ഗനിർദേശപ്രകാരം ദത്തെടുക്കാം.

ആര്‍ക്കൊക്കെ ദത്തെടുക്കാം

വിവാഹപദവി കണക്കിലെടുക്കാതെ, ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി സ്ഥിരതയും കഴിവും ഉള്ള ഏതൊരു വ്യക്തിക്കും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്കും സ്വന്തം മക്കളുള്ള മാതാപിതാക്കള്‍ക്കും ദത്തെടുക്കാവുന്നതാണ്.

* ശാരീരികവും മാനസികവും വൈകാരികവുമായി സ്ഥിരതയുള്ളവരും സാമ്പത്തിക ശേഷിയുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കണം.

* സ്ത്രീകള്‍ക്ക് ഏതു കുട്ടിയേയും ദത്തെടുക്കാവുന്നതാണ്. എന്നാല്‍ പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ സാധിക്കുകയുള്ളൂ.

* ദമ്പതികളുടെ കാര്യത്തില്‍ രണ്ടുപേരുടെയും സമ്മതം ദത്തെടുക്കലിനു ആവശ്യമാണ്.

* വിവാഹം കഴിഞ്ഞു രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികള്‍ക്ക് മാത്രമേ ദത്തെടുക്കുവാന്‍ സാധിക്കുകയുള്ളൂ.

* നാല് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ദത്തെടുക്കാന്‍ അര്‍ഹതയില്ല.

* കുട്ടിയും മാതാപിതാക്കളില്‍ ഒരാളും തമ്മിലുള്ള പ്രായവ്യത്യാസം ഇരുപത്തിയഞ്ചു വയസ്സില്‍ താഴെയായിരിക്കരുത്.

* ദമ്പതികളുടെ രജിസ്ട്രേഷന്‍ സമയത്തെ പ്രായമാണ് ദത്തെടുക്കലിനു പരിഗണിക്കുക

എങ്ങനെനയാണ് ദത്തെടുക്കുക:

ഇന്ത്യയില്‍ താമസിക്കുന്ന ദത്തെടുക്കാന്‍ സന്നദ്ധരായ അപേക്ഷകര്‍ www.cara.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ സ്വീകരിച്ചതിന്റെ സ്ലിപ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കണം. രജിസ്റ്റര്‍ ചെയ്ത് 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സൈറ്റിലേക്ക് അപ് ലോഡ് ചെയ്യണം.

അതിനുശേഷം രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുകളുമായി അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രത്തിനെ സമീപിക്കുക. സ്ഥാപനത്തിലെ സോഷ്യല്‍ വര്‍ക്കറോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കറോ അപേക്ഷകരെക്കുറിച്ചുള്ള പഠനം നടത്തി ഹോം സ്റ്റഡി റിപ്പോര്‍ട്ട് സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും.

ആരോഗ്യമന്ത്രി വീണാ ജോർജി​ന്റെ ഫേസ്ബുക് പോസ്റ്റ്:

എൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കുന്നതിനിടെ ഇത് ശ്രദ്ധയിലേക്ക് വന്നിരുന്നില്ല. പ്രിയപ്പെട്ട സുധി, അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസ്സിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ് . അങ്ങേക്കും വൈഫിനും സ്നേഹാദരവുകൾ.

മാതാപിതാക്കൾ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ കേന്ദ്ര ബാലനീതി നിയമം 2015 പ്രകാരമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഫോസ്റ്റർ കെയറും ദത്തെടുക്കലുമെല്ലാം നിയമപരമായ നടപടികളിലൂടെയാണ് നടക്കുന്നത്. CARA (Central Adoption Resource Authority) യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത്. 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നൽകുന്നുണ്ട്. അതും കുട്ടിയുടെ ഉത്തമ താല്പര്യം മുൻനിർത്തിയാണ് ചെയ്യേണ്ടത്.

CARAയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ സർക്കാർ സംരക്ഷണയിൽ നിലവിലുള്ള ഏതൊരു കുഞ്ഞിൻ്റെയും ദത്തെടുക്കൽ നടപടിക്രമങ്ങളിൽ സുധിയ്ക്കും പങ്കുചേരാൻ കഴിയും. സുധിയെ പോലെ പലരും ഇതേ ആവശ്യവുമായി വനിത ശിശുവികസന വകുപ്പിനെ സമീപിക്കുന്ന സാഹചര്യത്തിൽ അവർക്കായി കൂടിയാണ് ഇതിവിടെ എഴുതുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child adoptionWayanad Landslide
News Summary - Can you adopt a child who has lost their family? What the law says
Next Story