ഇടത് സർക്കാറിന്റെ ബന്ധു നിയമനങ്ങൾ റദ്ദാക്കുക -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പാർട്ടി നേതാക്കളുടെ ഉറ്റ ബന്ധുക്കൾക്ക് ഉന്നത തസ്തികകളിൽ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം നേതാവുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രഫസർ തസ്തികയിൽ നടത്തിയ നിയമനം മതിയായ യോഗ്യതകളില്ലാതെയാണെന്ന കേരള ഹൈകോടതി വിധി കേരളത്തിൽ ഇടതു സർക്കാർ നടത്തി വരുന്ന ബന്ധുനിയമനങ്ങൾക്കുള്ള തിരിച്ചടിയാണ്.
വേറെയും നിരവധി നിയമങ്ങൾ കോടതി ഇടപെട്ടിട്ടുണ്ട്. നേരത്തേ കണ്ണൂർ സർവകലാശാലയിൽ സ്പീക്കർ എ.എൻ. ഷംസീറിന്‍റെ ഭാര്യക്ക് നൽകിയ നിയമനം കോടതി റദ്ദാക്കിയിരുന്നു. കേരളത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കാൻ കോടതിയിൽ പോകേണ്ട സ്ഥിതിയാണുള്ളത്. പി.എസ്.സി നിയമനങ്ങൾ പോലും അട്ടിമറിക്കുന്ന ലോബി സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ട്. താൽകാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ എന്നിവയെല്ലാം പാർട്ടി ഓഫിസിൽ നിന്നുള്ള ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ നടക്കൂ എന്ന സ്ഥിതിയാണുള്ളത്. കേരളത്തെ സി.പി.എം സെൽഭരണത്തിന് കീഴിലാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
ഇത്തരം വഴിവിട്ട നിയമനങ്ങൾ സംരക്ഷിക്കാൻ ലക്ഷക്കണക്കിന് രൂപ നൽകി അഭിഭാഷകരെ നിയമിച്ച് അധിക ഭാരം കൂടി ജനങ്ങൾക്ക് വരുത്തുന്നുണ്ട്. കേരള ജനത ഇടതു സർക്കാറിന്റെ സ്വജന പക്ഷപാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.