പരീക്ഷ റദ്ദാക്കൽ; എൻജിനീയറിങ് പ്രവേശനത്തിൽ തിരിച്ചടിയാകുമെന്ന് ആശങ്ക
text_fieldsതിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം കേരളത്തിൽ പ്രഫഷനൽ കോഴ്സ് പ്രവേശനത്തിൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ വിദ്യാർഥികൾ. കേരള എൻജിനീയറിങ് പ്രവേശനത്തിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിച്ച മാർക്കും പ്രവേശനപരീക്ഷയിൽ നേടിയ സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. പരീക്ഷ റദ്ദാക്കുമ്പോൾ പകരം 12ാം ക്ലാസ് മാർക്ക് നിശ്ചയിക്കാൻ സി.ബി.എസ്.ഇ തയാറാക്കുന്ന മാനദണ്ഡം വിദ്യാർഥികൾക്ക് നിർണായകമാകും.
എൻജിനീയറിങ് പ്രവേശനത്തിൽ ആദ്യ റാങ്കുകളിൽ കൂടുതൽ വരുന്നത് സി.ബി.എസ്.ഇ വിദ്യാർഥികളാണ്. കഴിഞ്ഞവർഷം എൻജിനീയറിങ്ങിൽ ആദ്യ 5000 റാങ്കിൽ 2477 പേർ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയവരാണ്. സംസ്ഥാന സിലബസിൽ പഠിച്ചവർ 2280 പേരാണ് ആദ്യ 5000ൽ ഉൾപ്പെട്ടത്. 14,468 പേരാണ് സി.ബി.എസ്.ഇ സിലബസിൽ പഠിച്ച് കഴിഞ്ഞവർഷം എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിരുന്നത്.
പ്രഫഷനൽ കോഴ്സിനു പുറമെ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്ന വിദ്യാർഥികളെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ വിവിധ കോഴ്സുകൾക്ക് ഡിമാൻഡ് വർധിക്കുകയും ഒേട്ടറെ പേർക്ക് ഇഷ്ട വിഷയങ്ങൾ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
സംസ്ഥാനത്ത് 40000ൽ പരം വിദ്യാർഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ എഴുതാറുള്ളത്. 12ാം ക്ലാസ് തലത്തിൽ സയൻസ്, േകാമേഴ്സ്, ഹ്യുമാനിറ്റീസ് പോലുള്ള വിഷയ കോമ്പിനേഷനുകളാണ് പഠിക്കാനുള്ളത്. മുൻ വർഷങ്ങളിലെ മാർക്ക് പരിഗണിക്കാൻ തീരുമാനിച്ചാൽ പോലും ഒമ്പത്, പത്ത് ക്ലാസുകളിൽ ഏതെല്ലാം വിഷയങ്ങളുടെ മാർക്ക് പരിഗണിക്കുമെന്നതിലും വ്യക്തത വരുത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.