അർബുദ, ജീവിതശൈലി രോഗനിയന്ത്രണം: ആരോഗ്യഭേരി പദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsമലപ്പുറം: ജീവിതശൈലി രോഗങ്ങളെ നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ‘ആരോഗ്യഭേരി’ പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു.
ജില്ലയിൽ സമഗ്രമായി അർബുദ പരിശോധന നടത്തുകയും പ്രതിരോധ മാർഗങ്ങൾ അവലംബിക്കുകയും നേരത്തെ തന്നെ കണ്ടെത്തി ചികിത്സകൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 30 വയസ്സിന് മുകളിലുള്ളവരിൽ ജീവിതശൈലി രോഗങ്ങളുടെ വ്യാപനത്തെയും അതിന്റെ അപകടസാധ്യത ഘടകങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ള സ്‌ക്രീനിങ് ആശ പ്രവർത്തകർ മുഖേന ‘ശൈലി’ എന്ന ആപ് വഴി
ചെയ്യുന്നുണ്ട്.
ഇതുവഴി അർബുദം, ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളെ കൃത്യമായി കണ്ടെത്താൻ സാധിക്കും. ഇതിൽനിന്ന് ഗുരുതര രോഗമുള്ളവരെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യും. ഇവിടെ നിന്ന് അർബുദത്തിന്‍റെ പ്രാഥമിക പരിശോധന നടത്തുകയും പരിശോധനക്ക് പാപ് സ്മിയർ സാമ്പിൾ ശേഖരിക്കുകയും ചെയ്യും. പരിശോധനയിൽ ഏതെങ്കിലും തരത്തിലുള്ള അർബുദ സൂചന ലഭിക്കുന്നവരെ ചികിത്സക്കായി ജില്ല ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പദ്ധതിയിൽ പ്രാവർത്തികമാക്കുന്നത്. ഇതിലൂടെ അർബുദ സാധ്യത നേരത്തെ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
കുടുംബാരോഗ്യ കേന്ദ്രങ്ങളിൽനിന്ന് ശേഖരിക്കുന്ന സാമ്പിളുകൾ ലാബ് നെറ്റ് വർക്കിങ് വഴി ഹബ് ലാബുകളിലേക്ക് എത്തിക്കാനും സാധിക്കും.
ജനകീയാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും വെച്ച് തന്നെ മറ്റു ജീവിതശൈലി രോഗങ്ങളുടെ പ്രാഥമിക പരിശോധനയും നടത്തും.
ലാബ് സാമ്പിളുകൾ ഹബ് ലാബിലേക്ക് എത്തിക്കുന്നതിനും മറ്റും ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.