സാമ്പത്തിക കുടിശ്ശിക: അർബുദരോഗികൾക്കുള്ള മരുന്ന് വിതരണം കെ.എം.എസ്.സി.എൽ നിർത്തി
text_fieldsതിരുവനന്തപുരം: അർബുദരോഗികൾക്കുള്ള മരുന്ന് വിതരണം മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് (കെ.എം.എസ്.സി.എൽ) നിര്‍ത്തി. മരുന്ന് നല്കിയ വകയില്‍ ആശുപത്രികൾ കോടികള്‍ കുടിശ്ശിക വരുത്തിയതോടെയാണ് കോര്പറേഷൻ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഇതോടെ ‘സുകൃതം’ പദ്ധതി വഴി ചികിത്സ തേടുന്ന അർബുദരോഗികൾ ആശങ്കയിലായി.
അതേസമയം, താൽക്കാലിക സംവിധാനമെന്നോണം ലോക്കൽ പർച്ചേസ് വഴി ആർ.സി.സി, മെഡിക്കൽ കോളജ് ആശുപത്രികളിലെ അർബുദരോഗികൾക്ക് മരുന്ന് നൽകുന്നുണ്ടെന്നും കുടിശ്ശിക ഉടൻ നൽകാമെന്ന് ധനവകുപ്പ് ഉറപ്പുനൽകിയതായും കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ ഡോ. ആർ.എസ്. ദിലീപ് പറഞ്ഞു.
ഉറപ്പ് പാലിച്ചില്ലെങ്കിൽ കാരുണ്യയും ചിസ് പ്ലസുമടക്കം മറ്റ് ചികിത്സ പദ്ധതികളിലേക്കുള്ള മരുന്ന് വിതരണവും നിര്‍ത്താനാണ് കോർപറേഷൻ തീരുമാനം. അങ്ങനെവന്നാൽ കാരുണ്യ, രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജന (ആര്.എസ്.ബി.വൈ), ആരോഗ്യകിരണം, രാഷ്ട്രീയ ബാൽ സ്വാസ്ത്യ കാര്യക്രം (ആര്.ബി.എസ്.കെ), ജനനി ജന്മരക്ഷ, താലോലം, സ്നേഹ സാന്ത്വനം, ആദിവാസി ചികിത്സ പദ്ധതികള്‍ എന്നിവയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും. അതേസമയം, സ്വകാര്യ ഫാര്‍മസികളില്‍നിന്ന് മരുന്ന് വാങ്ങിയ ഇനത്തിൽ വിവിധ ആശുപത്രികളുടെ കടം 14.5 കോടിയോളം രൂപ വരുമെന്നാണ് വിവരം. സർക്കാർ സഹായവും ഇൻഷുറൻസ് തുകയും ലഭിച്ചാൽ മാത്രമേ പിടിച്ചുനിൽക്കാനാകൂ. ആശുപത്രി വികസനഫണ്ടില്‍നിന്ന് തുക വകമാറ്റി ചെലവഴിച്ചാല്‍ ദൈനംദിന കാര്യങ്ങള്‍ക്കുപോലും തടസ്സമുണ്ടാകുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, കുടിശ്ശിക എത്രയുംവേഗം ലഭ്യമാക്കാമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് ആശുപത്രികള്‍ക്ക് കത്തയച്ചു.
വിവിധ ആശുപത്രികൾ കോർപറേഷന് നൽകാനുള്ള കുടിശ്ശിക കൊടുത്തുതീർത്തില്ലെങ്കിൽ രോഗികൾ ദുരിതത്തിലാകും. ‘സുകൃതം’ പദ്ധതിയുടെ മരുന്നുവിതരണം നിലച്ചതോടെ നൂറുകണക്കിന് നിർധനരോഗികളുടെ ചികിത്സ പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.