ബജറ്റ്; പെൻഷൻ വർധന കാത്ത് അർബുദരോഗികൾ
text_fieldsമലപ്പുറം: പെൻഷൻ വർധനക്കായി പുതിയ ബജറ്റിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അർബുദ രോഗത്താൽ പ്രയാസത്തിലായ പാവപ്പെട്ട രോഗികൾ.
നിലവിൽ അർബുദ രോഗികൾക്ക് പ്രതിമാസം 1000 രൂപയാണ് ധനസഹായം നൽകുന്നത്. ക്ഷേമ പെൻഷൻ 600 രൂപയായിരുന്ന കാലത്ത് അർബുദ പെൻഷൻ 1000 രൂപയായിരുന്നു. 2014നു ശേഷം വർധിപ്പിച്ചിട്ടില്ല. മറ്റു ക്ഷേമ പെൻഷനുകൾ 1000 രൂപ വർധിപ്പിച്ചപ്പോൾ അർബുദ ബാധിതർക്കുള്ള ധനസഹായം എട്ടു വർഷമായി വർധിപ്പിച്ചിട്ടില്ല.
അർബുദ രോഗികൾക്ക് നൽകുന്ന പ്രതിമാസ പെൻഷൻ വർധിപ്പിക്കുന്ന കാര്യം സൂചിപ്പിച്ചു നൽകിയ വിവരാവകാശ രേഖയിൽ വർധനകാര്യം പരിഗണനയിലുണ്ടെന്നാണ് ലഭ്യമായ മറുപടി. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലെ എല്ലാ ഡോക്ടർമാർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാൻ അധികാരം നൽകി ഉത്തരവായിട്ടുണ്ട്.
പഞ്ചായത്തിൽനിന്ന് ക്ഷേമ പെൻഷൻ ലഭിക്കുന്ന രോഗികൾക്കും അർബുദ പെൻഷന് അർഹതയുണ്ട്. എല്ലാ വർഷവും മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റു രേഖകളും സഹിതം അപേക്ഷ നൽകി പുതുക്കേണ്ടതുണ്ടെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു. കേരളത്തിലെ സ്ഥിരതാമസക്കാരായ ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള അർബുദ രോഗികൾക്കാണ് പെൻഷന് അപേക്ഷിക്കാൻ അർഹതയുള്ളത്.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ഫോറം നമ്പർ 10ൽ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയും സഹിതം തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.