‘ചികിത്സ ഫലപ്രാപ്തിയിലേക്ക്’ മൃഗശാലയിൽ ഇരുതലമൂരിക്ക് അപൂർവ കാൻസർ ചികിത്സ
text_fieldsതിരുവനന്തപുരം: മൃഗശാലയിലെ ഇരുതലമൂരിക്ക് അപൂർവ ക്യാൻസർ ചികിത്സ. ‘റെഡ് സാൻഡ് ബോവ’ ഇനത്തിൽപെടുന്ന ഇരുതലമൂരി പാമ്പിന് വായിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന ക്യാൻസർ രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സ ആരംഭിച്ചത്.
ഈ അപൂർവ ചികിത്സ ഫലം കണ്ട് തുടങ്ങിയതായി മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു.
തീറ്റ എടുക്കാതെ അവശനിലയിൽ കണ്ടെത്തിയ ഇരുതലമൂരി പാമ്പിനെ കഴിഞ്ഞ ഒക്ടോബർ 10നാണ് വനംവകുപ്പ് മൃഗശാലയിലെത്തിച്ചത്.
ഉദ്ദേശം നാല് വയസ്സ് പ്രായമുള്ള ആൺ ഇരുതലമൂരിക്ക് 3.9 കിലോ ഭാരമുണ്ട്. ദ്രവ ഭക്ഷണം നൽകുന്നതിനായി വായിലൂടെ ട്യൂബ് ഇടുന്നതിനിടെയാണ് വായിൽ അസാധാരണമായ വളർച്ച കണ്ടെത്തിയത്. തുടർന്ന് ജില്ല വെറ്ററിനറി കേന്ദ്രം ലാബ് വെറ്ററിനറി സർജൻ ഡോ. സി. ഹരീഷ്, ഡോ. വി.ജി. അശ്വതി, ഡോ. ആർ. അനൂപ്, ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഫൈൻ നീഡിൽ ആസ്പിരേഷൻ, ബയോപ്സി പരിശോധനകളിൽ മാസ്റ്റ് സെൽ ട്യൂമർ എന്ന അപൂർവമായ ക്യാൻസർ രോഗബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മുൻപ് ഇത്തരത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മൂന്ന് കേസുകളിൽ ഒന്നുപോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചിട്ടില്ലെന്ന് മുംബൈയിലെ ‘ദി കാൻസർ വെറ്റ്’ വെറ്ററിനറി കാൻസർ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ് ഡോ. നൂപുർ ദേശായിയുമായി നടത്തിയ ചർച്ചയിൽ കണ്ടെത്തിയിരുന്നു.
സൈക്ലൊഫോസ്ഫമൈഡ് എന്ന ക്യാൻസർ കീമോതെറാപ്പി മരുന്ന് ഇൻജെക്ഷൻ ആയി നൽകിയുള്ള ചികിത്സയാണ് നിലവിൽ നടന്നുവരുന്നത്.
പുറമെ താപനില ക്രമീകരിക്കാൻ ഇൻഫ്രാ റെഡ് ലൈറ്റ് നൽകിയുള്ള ചികിത്സയും ആരംഭിച്ചു. മൂന്നാഴ്ചത്തെ ചികിത്സകൊണ്ട് കാര്യമായ പുരോഗതി കൈവരിക്കാനായി. സി.ടി സ്കാൻ പരിശോധനയിലും രോഗവ്യാപനം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.