കോൺഗ്രസിൽ തർക്കം തീർന്നില്ല; നേമം അടക്കം 10 സീറ്റിൽ വിശദ ചർച്ച
text_fieldsന്യൂഡൽഹി: നേമം സസ്പെൻസും ഒൻപത് മണ്ഡലങ്ങളിലെ തർക്കവും ബാക്കിനിൽക്കേ, മറ്റ് 81 സീറ്റുകളിലെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. എന്നാൽ, എല്ലാ സീറ്റിലേക്കുമുള്ള സ്ഥാനാർഥിപ്പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച മാത്രം.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിലാണ് 81 സീറ്റിലെ സ്ഥാനാർഥികളെ നിശ്ചയിച്ചത്. നേമം അടക്കം ബാക്കിയുള്ള 10 സീറ്റിെൻറ കാര്യത്തിൽ വിശദ ചർച്ച അനിവാര്യമാണെന്ന് യോഗത്തിനു ശേഷം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ വിശദീകരിച്ചു.
നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തുടരുന്നുണ്ടെങ്കിലും, 11 വട്ടം തന്നെ തെരഞ്ഞെടുത്തുവിട്ട പുതുപ്പള്ളി കൈവിടില്ലെന്ന് ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസങ്ങളിൽ പലവട്ടം ആവർത്തിച്ചിട്ടുണ്ട്.
ആരും രണ്ടു മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. നേമത്ത് കെ. മുരളീധരൻ മത്സരിക്കാനുള്ള സാധ്യത തള്ളിക്കൊണ്ട്, സിറ്റിങ് എം.പിമാർ അവിടെ സ്ഥാനാർഥിയായിരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ബി.ജെ.പി നിയമസഭയിലേക്ക് അക്കൗണ്ട് തുറന്ന നേമത്തെ മത്സരം ഗൗരവപൂർവം കാണുമെന്ന് നേതാക്കൾ ആവർത്തിച്ചു. അതിനു പറ്റിയ കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കും. സ്ഥാനാർഥി നിർണയത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നും, എന്നാൽ ഏറ്റവും യോഗ്യരായവരെ തെരഞ്ഞെടുക്കാൻ സാവകാശം വേണമെന്നുമാണ് സമ്പൂർണ പട്ടികയാകാത്തതിന് കാരണമായി നേതാക്കൾ വിശദീകരിച്ചത്. അമാന്തം എന്തുകൊണ്ടാണെന്ന് പട്ടിക വരുേമ്പാൾ മനസ്സിലാവും.
ബാക്കിയുള്ള ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ശനിയാഴ്ച രാവിലെ കേരളത്തിലേക്ക് മടങ്ങും.
വടകരയിൽ കെ.കെ.രമ സ്ഥാനാർഥിയായാൽ പിന്തുണക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.