വോട്ടിങ് ദിനത്തിലും സ്ഥാനാർഥികൾ നെട്ടോട്ടത്തിൽ
text_fieldsതിരുവനന്തപുരം: വോട്ടെടുപ്പ് ദിനത്തിലും കേരളത്തിലെ ഒരുവിഭാഗം സ്ഥാനാർഥികൾ നെട്ടോട്ടത്തിലാണ്. ഈ ഓട്ടം വോട്ടുറപ്പിക്കാനല്ല, സ്വന്തം വോട്ട് രേഖപ്പെടുത്താനാണെന്ന് മാത്രം. തലസ്ഥാനത്തെ എൽ.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന് നിശ്ശബ്ദ പ്രചാരണം വ്യാഴാഴ്ച വൈകീട്ടോടെ അവസാനിപ്പിച്ച് കണ്ണൂരിലേക്ക് ട്രെയിൻ കയറി. വെള്ളിയാഴ്ച രാവിലെ ഏഴിന് കക്കാട് ഗവണ്മെന്റ് യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
തിരുവനന്തപുരത്തെ മറ്റൊരു സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന് വോട്ട് ബംഗളൂരു സൗത്തിലാണ്. അവിടെയും വോട്ടെടുപ്പ് നാളെത്തന്നെ. അതിനാല്‍ ഇക്കുറി വോട്ടു ചെയ്യണ്ട എന്നാണ് തീരുമാനം. പതിവായി തിരുവനന്തപുരത്ത് വോട്ടിടാറുള്ള സുരേഷ് ഗോപിക്ക് ഇക്കുറി തൃശൂരില്‍ സ്വന്തം പേരിന് നേരെ കുത്താം.
വോട്ട് അവിടേക്ക് മാറ്റിയിരുന്നു. എന്നാല്‍, തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് തിരുവനന്തപുരത്തേക്ക് വരേണ്ടി വരും. വ്യാഴാഴ്ച രാത്രി വട്ടിയൂര്‍ക്കാവിന് തിരിച്ച മുരളി രാവിലത്തെ വിമാനത്തില്‍ തിരിച്ച് തൃശൂരിലെത്തും.
ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർഥി അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍നിന്ന് അടൂരില്‍ പോയി വോട്ടിടും. പത്തനംതിട്ടയില്‍നിന്ന് തോമസ് ഐസക്കിനും അനില്‍ ആന്റണിക്കും വോട്ടിടണമെങ്കില് തിരുവനന്തപുരത്തെത്തണം. എ.കെ. ആന്റണിക്കൊപ്പം പതിവായി ജഗതി സ്കൂളില്‍ വോട്ട് ചെയ്യാനെത്താറുണ്ടായിരുന്ന അനിലിനൊപ്പം ഇത്തവണ ആന്റണിയും കുടുംബവും ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
കൊല്ലത്ത് മത്സരിക്കാനെത്തിയ എൻ.ഡി.എ സ്ഥാനാര്‍ഥി ജി. കൃഷ്ണകുമാറിന് തിരുവനന്തപുരത്താണ് വോട്ട്. ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർഥി വി. മുരളധീരന്റെ വോട്ടും തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ തന്നെ. കോട്ടയത്തിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ പോയി വോട്ടിടും.
ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴയിലാണ് വോട്ട്. ഇടുക്കിയിലെ എൻ.ഡി.എ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന് വോട്ട് തൃശൂരില്‍. പാലക്കാട്ടുനിന്ന് വിജയരാഘവന് സമ്മദിദാനം രേഖപ്പെടുത്താന്‍ തൃശൂര്‍ക്കും വടകരയില്‍നിന്ന് ഷാഫി പറമ്പില്‍ പാലക്കാട്ടേക്കും പോകും. ആലത്തൂരിലാണ് ആലപ്പുഴ എൻ.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ വോട്ട്. വയനാട്ടിലെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് വോട്ട് കോഴിക്കോടാണ്.
ആനി രാജക്കും രാഹുല്‍ ഗാന്ധിക്കും ഡല്‍ഹിയിലും. അവിടെ ആറാം ഘട്ടത്തിലാണ് വോട്ടെടുപ്പ് എന്നത് ആനി രാജക്ക് സഹായമായി. ഏതായായും രാവിലെതന്നെ സ്വന്തം മണ്ഡലത്തിൽ പോയി വോട്ടിട്ടശേഷം എത്രയുംവേഗം മത്സരിക്കുന്ന മണ്ഡലത്തിൽ തിരികെ എത്തി വോട്ടർമാരെ നേരിൽ കാണാനാണ് മിക്കവരുടെയും പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.