കെ.എ.എസ് മെയിൻ പരീക്ഷ വീണ്ടും നടത്തണമന്ന ആവശ്യവുമായി ഉദ്യോഗാർഥികളുടെ പരാതി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) മെയിൻ പരീക്ഷ നടത്തിപ്പ് സുതാര്യമായിരുന്നില്ലെന്നും വീണ്ടും നടത്തണമെന്നുമുള്ള ആവശ്യവുമായി ഉദ്യോഗാർഥികൾ രംഗത്ത്. കെ.എ.എസിന്‍റെ വിവരണാത്മകമായ മെയിൻ പരീക്ഷയെ കുറിച്ചാണ് ആക്ഷേപം ഉയർന്നത്. കെ.എ.എസ് ചട്ടങ്ങൾ ലംഘിച്ചാണ് പരീക്ഷ നടത്തിയതെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
യു.പി.എസ്.സിയുടെ അതേ സ്‌കീമിൽ പരീക്ഷ നടത്തുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടു. യു.പി.എസ്.സി പരീക്ഷകളിൽ മുദ്രവെച്ച ചോദ്യപേപ്പർ പൊട്ടിച്ചു പുറത്തെടുക്കുന്നത് ഉദ്യോഗാർഥികളാണ്. എന്നാൽ, കെ.എ.എസിന്‍റെ പ്രിലിമിനറി പരീക്ഷയിൽ നിന്ന് വ്യത്യസ്തമായി മെയിൻ പരീക്ഷയുടെ ചോദ്യപേപ്പറുകൾ മുദ്രവെച്ച കവറിലല്ല ലഭിച്ചത്. അതിനാൽ ചോദ്യങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.
യു.പി.എസ്.സി വിവരണാത്മക പരീക്ഷകളിൽ രണ്ടു തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. 10 മാർക്കിന്‍റെ ചോദ്യത്തിന് നൂറു വാക്കിലും 15 മാർക്കിന്‍റെ ചോദ്യത്തിന് 150 വാക്കിലും ഉത്തരം എഴുതണം. ഇതിന് ആനുപാതികമായ സ്ഥലം ഉത്തരകടലാസിൽ ഉണ്ടായിരിക്കും. അതേസമയം, കെ.എ.എസ് പരീക്ഷയിൽ മൂന്നു മാർക്കിനും അഞ്ചു മാർക്കിനുമാണ് ചോദ്യങ്ങളുണ്ടായിരുന്നത്. എന്നാൽ, എത്ര വാക്കിൽ ഉത്തരം എഴുതണമെന്ന് വ്യക്തമാക്കിയില്ലെന്നും ഉത്തരം എഴുതാൻ ആവശ്യമായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗാർഥികൾ പറയുന്നു.
റാങ്ക്‌ലിസ്റ്റ് പുറത്ത് വന്നപ്പോൾ ഐ.എ.എസ് പരീക്ഷയിൽ ഇന്‍റർവ്യു ഘട്ടത്തിൽ എത്തിയവർ വരെ പുറത്താകുന്ന സ്ഥിതിയാണ് ഉണ്ടായത്. മറ്റു പലരും പട്ടികയിൽ കയറിപ്പറ്റിയെന്നുമാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒന്നിലധികം തവണ പി.എസ്.സി ചെയർമാന് ഉദ്യോഗാർഥികൾ പരാതി നൽകിയിരുന്നു. ചെയർമാൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഉദ്യോഗാർഥികൾ പരാതി നൽകിയിട്ടുണ്ടെന്നും മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഉദ്യോഗാർഥികളുടെ ആരോപണത്തിൽ കഴമ്പില്ലെന്നും പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്നും പി.എസ്.സി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.