വിറക് കീറിയും ചുമടുതാങ്ങാൻ സഹായിച്ചും ബസ് തള്ളിയും വോട്ട്തേടി കോഴിക്കോട്ടെ സ്ഥാനാർഥികൾ
text_fieldsകോഴിക്കോട്: വോട്ടുതേടി നാട് മുഴുവൻ അലയുന്ന സ്ഥാനാർഥികൾ അക്ഷരാർഥത്തിൽ 'ജനങ്ങൾക്കിടയിലേക്ക്' ഇറങ്ങുന്നു. വിറക് കീറിയും ചുമടുതാങ്ങാൻ സഹായിച്ചും ബസ് തള്ളിയുംപ്രഭാതനടത്തം സജീവമാക്കിയും വോട്ടർമാരുെട ഹൃദയത്തിൽ ഇടംപിടിക്കാനുള്ള ശ്രമത്തിലാണ് പലരും.
കല്യാണവീടുകളിലും ജന്മദിനാഘോഷങ്ങളിലും സാന്നിധ്യമറിയിച്ചും സ്ഥാനാർഥികൾ പ്രചാരണം െകാഴുപ്പിക്കുകയാണ്. വീടുകളിൽ കയറി ഭക്ഷണം കഴിക്കുന്നതും പ്രചാരണതന്ത്രമാണ്. കോവിഡ് നിയന്ത്രണങ്ങളൊന്നും പാലിക്കാതെയാണ് എല്ലാവരും വോട്ടുതേടുന്നത്.
െകായിലാണ്ടി മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി കഴിഞ്ഞദിവസം പയ്യോളിക്കടുത്ത് അട്ടക്കുണ്ടിൽ പ്രചാരണത്തിനിടെ വിറക് കീറാൻ സമയം കെണ്ടത്തി. വോട്ടറായ വടക്കേകുഴിക്കാട്ടിൽ മുഹമ്മദ് വിറക് കീറുന്നതിനിടെയാണ് ഒരു 'കൈ' സഹായവുമായി സുബ്രഹ്മണ്യനെത്തിയത്.
പുഴയും കടലും റെയിലും റോഡുമുള്ള എലത്തൂർ മണ്ഡലത്തിൽ കരയിലും വെള്ളത്തിലും എത്തി വോട്ടുപിടിക്കുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയും ഗതാഗത മന്ത്രിയുമായ എ.കെ. ശശീന്ദ്രൻ. അകലാപുഴയിൽ ഹൗസ് ബോട്ടിലൂടെ സഞ്ചരിച്ചാണ് ചൊവ്വാഴ്ച ശശീന്ദ്രൻ വോട്ടുപിടിച്ചത്. പുഴയിൽ മീൻപിടിക്കുന്നവരോട് മന്ത്രി വോട്ടഭ്യർഥിച്ചു.
ബേപ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.എം. നിയാസ് പന്ത് തട്ടിയും ബസ് തള്ളിയും അങ്കം മുറുക്കുകയാണ്. ഫറോക്ക് പുല്ലിക്കടവിലെത്തിയപ്പോഴാണ് നിയാസ് പന്തുകളിക്കാർക്കൊപ്പം ചേർന്നത്. കഴിഞ്ഞ ദിവസം അരീക്കാടുവെച്ച് റോഡിൽ കുടുങ്ങിയ ബസ് തള്ളി സ്റ്റാർട്ടാക്കാനും നിയാസുണ്ടായിരുന്നു. പ്രഭാതനടത്തമാണ് വോട്ടുപിടിക്കാനുള്ള മറ്റൊരുതന്ത്രം.
ചിലർ പണ്ടേ പ്രഭാതസവാരി നടത്താറുണ്ട്. കുറച്ചുപേർ സ്ഥാനാർഥി ആയതോടെ നടത്തം തുടങ്ങിയതാണ്. മന്ത്രി ടി.പി. രാമകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, കെ.എം. അഭിജിത്ത് തുടങ്ങിയ സ്ഥാനാർഥികളെല്ലാം പ്രഭാതനടത്ത സമയത്തും വോട്ട് പിടിക്കുന്നുണ്ട്.
സെൽഫിയാണ് പ്രചാരണത്തിലെ മറ്റൊരായുധം. സ്ഥാനാർഥികൾക്കൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതാണ് പുതിയ ട്രെൻറ്. ബാലുശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയും നടനുമായ ധർമജൻ ബോൾഗാട്ടിയാണ് സെൽഫിയിൽ മുന്നിൽ. നടനെ മുന്നിൽ കിട്ടിയ വോട്ടർമാരെല്ലാം ഫോട്ടോ എടുത്താണ് തിരിച്ചയക്കുന്നത്.
കല്യാണവീടുകളിലും ജന്മദിനാഘോഷങ്ങളിലും പങ്കെടുത്തും ധർമജൻ പ്രചാരണരംഗത്ത് സജീവമാണ്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.എം. സചിൻ ദേവും പലയിടത്തും ഫോട്ടോക്ക് പോസ് ചെയ്താണ് മടങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.