നിയമനമാവശ്യപ്പെട്ട് കല്ലുപ്പിൽ മുട്ടുകുത്തി ഉദ്യോഗാർഥികളുടെ പ്രതിഷേധം
text_fieldsനിയമനമാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന വനിത സിവിൽ ഓഫിസർ റാങ്ക് ഹോൾഡേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഭാഗമായി കല്ലുപ്പിൽ മുട്ടുകുത്തി സമരം ചെയ്യവെ, വേദനകൊണ്ട് പൊട്ടിക്കരയുന്ന ഉദ്യോഗാർഥിയെ ആശ്വസിപ്പിക്കുന്ന സമരക്കാരിലൊരാൾ (PHOTO: അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: നിയമനമാവശ്യപ്പെട്ട് വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സെക്രട്ടേറിയേറ്റിനു മുന്നിൽ ആരംഭിച്ച നിരാഹാര സമരം അഞ്ചു ദിവസം പിന്നിട്ടു. സമരത്തിന് നേരെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ കണ്ണടച്ചതോടെ, കല്ലുപ്പിൽ മുട്ടുകുത്തിനിന്നായിരുന്നു ഞായറാഴ്ചത്തെ ഉദ്യോഗാർഥികളുടെ പ്രതിഷേധം.
സ്വയം വേദനിപ്പിച്ചുനിന്നുകൊണ്ടുള്ള പ്രതിഷേധത്തിൽ നിരവധി യുവതികളുടെ മുട്ട് പൊട്ടി. നിരാഹാര സമരം തുടർന്ന ബിനു സ്മിത പ്രതിഷേധത്തിനിടെ, കുഴഞ്ഞുവീണതോടെ ഇവരെ പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. പകരം ഉദ്യോഗാർഥികളായ ആതിര, മേഘ എന്നിവർ നിരാഹാര സമരം ആരംഭിച്ചു.
കൊടിയ ചൂടും മഴയും അവഗണിച്ച് 14 ജില്ലകളിൽ നിന്നായി നിരവധി പേരാണ് സമരരംഗത്തുള്ളത്. 12 ദിവസം കൂടി കാലാവധിയുള്ള റാങ്ക് പട്ടികയിൽ 60 നോൺ ജോയിനിങ് ഡ്യൂട്ടി (എൻ.ജെ.ഡി) ഉൾപ്പെടെ 292 ഒഴിവുകൾ മാത്രമാണ് 11 മാസം കൊണ്ട് റിപ്പോർട്ട് ചെയ്തത്. മുൻ റാങ്ക് പട്ടികകളിൽ 500 ഓളം നിയമനങ്ങൾ നടന്ന സ്ഥാനത്താണിത്. കഴിഞ്ഞ ദിവസം ശയന പ്രദക്ഷിണം നടത്തിയായിരുന്നു ഉദ്യോഗാർഥികൾ പ്രതിഷേധിച്ചത്. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഉദ്യോഗാർഥികളുമായി ചർച്ചക്ക് സർക്കാർ തയാറായിട്ടില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും തങ്ങളുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.