ബി.ജെ.പി നേതൃത്വത്തിനെതിരെ പരാതിയുമായി പരാജയപ്പെട്ട സ്ഥാനാർഥികൾ
text_fieldsകോട്ടയം: തെരഞ്ഞെടുപ്പിെല ദയനീയ പരാജയം ബി.ജെ.പി സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുന്നതിനിടെ തോറ്റ പ്രമുഖർ അന്വേഷണം ആവശ്യപ്പെട്ട് ഒറ്റക്കൊറ്റക്ക് പരാതിയുമായി സംസ്ഥാന-ദേശീയ നേതൃത്വത്തെ സമീപിക്കുന്നു. കാഞ്ഞിരപ്പള്ളിയിൽ കനത്ത പരാജയം നേരിട്ട അൽഫോൻസ് കണ്ണന്താനമാണ് ഇത്തരത്തിൽ ആദ്യ പരാതിയുമായി ദേശീയനേതൃത്വത്തെ സമീപിച്ചത്.
ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ കാഞ്ഞിരപ്പള്ളിയിൽ വ്യാപകമായി വോട്ടുചോർച്ച സംഭവിച്ചെന്നായിരുന്നു അദ്ദേഹത്തിെൻറ ആക്ഷേപം. സംസ്ഥാന നേതൃത്വത്തിനെതിരെയും പരാതിയിൽ പരാമർശമുണ്ട്. ബി.ജെ.പിക്ക് പാലായിൽ വോട്ട് കുറഞ്ഞതിൽ വിശദ അന്വേഷണം വേണമെന്ന ആവശ്യവുമായി സ്ഥാനാർഥി പ്രമീള ദേവിയും രംഗത്തെത്തി. അവർ ജില്ല-സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. തനിക്കുവേണ്ടി പ്രവർത്തിച്ച പാർട്ടിപ്രവർത്തകർക്ക് മറുപടി നൽകേണ്ടത് ആവശ്യമാണെന്നും വോട്ട് ചോർച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും പ്രമീള ദേവിയുടെ കത്തിലുണ്ട്. പരാജിതരുടെ പരാതി ലക്ഷ്യംവെക്കുന്നത് സംസ്ഥാന നേതൃത്വത്തെകൂടിയാണ്. നേതൃത്വത്തിെൻറ വീഴ്ച കണ്ണന്താനം എടുത്തുപറയുന്നുണ്ട്.
പാലായിൽ ബി.ജെ.പി വോട്ടിലെ കുറവ് വോട്ടുകച്ചവടത്തിെൻറ തെളിവാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും ജോസ് കെ. മാണിയും ഇടതുമുന്നണിയും രംഗത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രമീള ദേവി മുന്നോട്ടുവന്നത്. വെറും 10,670 വോട്ടാണ് പ്രമീള ദേവിക്ക് ലഭിച്ചത്. 2016ൽ 24,821 വോട്ട് ലഭിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 25,633 വോട്ട് നേടിയപ്പോൾ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ അത് 18,044 വോട്ടായി കുറഞ്ഞിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 19,231 വോട്ട് നേടിയിരുന്നു.
പൂഞ്ഞാറിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥിയും വോട്ടുചോർച്ചക്കെതിരെ നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ബി.ജെ.പിക്കെതിരെയാണ് പരാതി. പൂഞ്ഞാറിൽ ബി.ജെ.പി വോട്ട് ലഭിച്ചെന്ന് പി.സി. ജോർജും വെളിപ്പെടുത്തിയിരുന്നു. ഇതും ബി.ഡി.ജെ.എസിനെ ചൊടിപ്പിച്ചു. കോട്ടയത്തും മധ്യകേരളത്തിലെ പല മണ്ഡലങ്ങളിലും വൻതോതിൽ ബി.ജെ.പി വോട്ട് ചോർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.