അവഗണന: ഉദ്യോഗാർഥികൾ കറുത്ത മാസ്ക് ധരിച്ച് പി.എസ്.സി പരീക്ഷയെഴുതും
text_fieldsതൃശൂർ: പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കറുത്ത മാസ്ക് ധരിച്ച് പി.എസ്.സി പരീക്ഷ എഴുതുമെന്ന് ഉദ്യോഗാർഥികൾ. പി.എസ്.സി റാങ്ക് പട്ടിക അവഗണിച്ച് പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ നയത്തിലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിലും പ്രതിഷേധിച്ചാണിത്.
നാല് ഘട്ടങ്ങളിലായി പി.എസ്.സി നടത്തുന്ന പത്താംതരം പ്രിലിമിനറി പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളാണ് ഇത്തരത്തിൽ പ്രതിഷേധിക്കുക. ശനിയാഴ്ചയും ഫെബ്രുവരി 25, മാർച്ച് ആറ്, 13 തീയതികളിലും നടക്കുന്ന പരീക്ഷകളിലാണ് കറുത്ത മാസ്ക് ധരിക്കാൻ തീരുമാനം. ലാസ്റ്റ് ഗ്രേഡ് സർവൻറ് (എൽ.ജി.എസ്), ലോവർ ഡിവിഷൻ ക്ലർക്ക് (എൽ.ഡി.ഡി), അസി. സെയിൽസ്മാൻ (എ.എസ്.എം), സ്റ്റോർ കീപ്പർ, ഫീൽഡ് വർക്കർ തസ്തികളിലേക്കാണ് പ്രിലിമിനറി പരീക്ഷ നടത്തുന്നത്.
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്ക് വിലക്കിയ സാഹചര്യത്തിലാണ് പ്രതീകാത്മക പ്രതിഷേധവുമായി ഉദ്യോഗാർഥികൾ രംഗത്തുവരുന്നത്. വിവിധ റാങ്ക് ഹോൾഡേഴ്സ് സംഘടനകൾ സംയുക്തമായാണ് ആഹ്വാനവുമായി രംഗത്തുവന്നത്. യുവാക്കളോടും തൊഴിൽ അന്വേഷകരോടും കാണിക്കുന്ന അനീതിയാണ് ഇത്തരമൊരു പ്രതീകാത്മക സമരവുമായി രംഗത്തുവരാൻ കാരണമെന്ന് വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.