കഞ്ചാവും തോക്കും പിടികൂടി; നാലുപേർ അറസ്റ്റിൽ
text_fieldsപട്ടിക്കാട്: ദേശീയപാത ചെമ്പൂത്രയിൽ യുവാക്കളിൽനിന്ന് ഹൈബ്രിഡ് കഞ്ചാവും തോക്കും ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ വേണ്ട ഉപകരണങ്ങളും പിടികൂടി. ഗുരുവായൂർ മാണിക്യത്തൊടി വല്ലാശ്ശേരി വീട്ടിൽ ആകർഷ് (23), പാവറട്ടി ഇടിയഞ്ചിറ പുതുവീട്ടിൽ റംഷിക് (24), ഗുരുവായൂർ ഇടപ്പള്ളി അമ്പലത്ത് വീട്ടിൽ ഫാസിൽ (23), കൊല്ലം ഐലൻഡ് നഗർ പ്രേംജി ഭവനിൽ ആദർശ് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പീച്ചി പൊലീസും ഡൻസാഫ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിൽ രാവിലെ 10ഓടെയാണ് ഇവർ പിടിയിലായത്.
ചെമ്പൂത്ര കോഫി ഹൗസിന് മുന്നിൽ പാർക്ക് ചെയ്ത കാറിൽനിന്നും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട 30 ഗ്രാം കഞ്ചാവ്, എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ് എന്നിവയാണ് പിടിച്ചെടുത്തത്.
ബംഗളൂരുവിൽനിന്നും കാർ മാർഗം കഞ്ചാവും എം.ഡി.എം.എയും കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സമീപത്തെ വർക്ഷോപ്പിൽനിന്നും ജീവനക്കാരെ കൊണ്ടുവന്ന് കാറിന്റെ എൻജിൻ ഉൾപ്പെടെ പരിശോധിച്ചെങ്കിലും എം.ഡി.എം.എ ലഭിച്ചില്ല. ഇത് ഇവർ ഉപയോഗിച്ചതായാണ് പറയുന്നത്.
ഡാൻസാഫ് അംഗങ്ങൾ പട്ടിക്കാട്, ചെമ്പൂത്ര പ്രദേശത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വിഫ്റ്റ് കാർ കോഫി ഹൗസിന് മുന്നിൽ കണ്ടെത്തിയത്. തുടർന്ന് കോഫി ഹൗസിൽ ഭക്ഷണം കഴിക്കുകയായിരുന്ന നാല് പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.
പീച്ചി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ പ്രമോദ് കൃഷ്ണൻ, എസ്.ഐ സന്തോഷ്, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ രാഖേഷ്, എ.എസ്.ഐ ജീവൻ, വിപിൻദാസ്, ശരത്, സുജിത്ത്, അഖിൽ വിഷ്ണു, വൈശാഖ്, ശിഹാബുദ്ദീൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.