സ്റ്റേഷൻ വളപ്പിൽ ജീവനക്കാരുടെ കഞ്ചാവ് കൃഷി; നടപടിയുമായി വനം വകുപ്പ്
text_fieldsപത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ ജീവനക്കാർ കഞ്ചാവ് ചെടി നട്ടുവളർത്തിയെന്ന് പരാതി. എരുമേലി റേഞ്ച് ഓഫിസറുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് കോട്ടയം ഡി.എഫ്.ഒക്ക് സമർപ്പിച്ചു. 16നാണ് റിപ്പോർട്ട് സമർപ്പിച്ചത്.
പ്ലാച്ചേരി സ്റ്റേഷനിലെ റെസ്ക്യൂവറും ബീറ്റ് ഫോറസ്റ്റ് ഓഫിസറും ഗ്രോ ബാഗുകളിൽ കഞ്ചാവ് വളർത്തിയതായി കാട്ടിയാണ് ഡി.എഫ്.ഒക്ക് റിപ്പോർട്ട് ലഭിച്ചത്. സ്റ്റേഷന് ചുറ്റും 40ൽപരം ഗ്രോബാഗുകളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. എന്നാൽ, ഇവ കണ്ടെത്താൻ കഴിഞ്ഞില്ല. ഗ്രോബാഗുകളുടെയും കഞ്ചാവ് ചെടികളുടെയും അവശിഷ്ടങ്ങളും കഞ്ചാവ് ചെടികൾ വളർത്തിയതിന്റെ ലക്ഷണങ്ങളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ചെടികൾ നശിപ്പിച്ചെന്നാണ് സംശയിക്കുന്നത്. ബാഗുകളിൽ കഞ്ചാവ്ചെടികൾ വളർന്നു നിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് വനം വകുപ്പിലെ ഉന്നതാധികൃതർക്ക് ലഭിച്ചത്. ബാഗിൽ വളർന്നുനിൽക്കുന്ന ഒമ്പതുചെടികളുടെ ചിത്രങ്ങളായിരുന്നു അവ.
ഇതേതുടർന്നാണ് റേഞ്ച് ഓഫിസർ അന്വേഷണം ആരംഭിച്ചത്. സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് ചെടികൾ വളർത്തുന്നുവെന്ന വിവരം വനിതാ ജീവനക്കാർക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തനിക്ക് സുഹൃത്ത് നൽകിയ തൈകൾ വെറുതെ നടുക മാത്രമാണ് ചെയ്തതെന്നാണ് റെസ്ക്യൂവർ റേഞ്ച് ഓഫിസർക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.