കണ്ണൂർ റെയിൽവേ സ്റ്റേഷൻ വഴി കഞ്ചാവ് ഒഴുകുന്നു
text_fieldsകണ്ണൂർ: കിലോക്കണക്കിന് കഞ്ചാവും ലഹരി ഉൽപന്നങ്ങളും റെയിൽവേ സ്റ്റേഷൻ വഴി കടത്തുന്നത് വ്യാപകമാകുന്നു. ആർ.പി.എഫും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 19.6 കിലോ കഞ്ചാവ് പിടികൂടി. മൂന്നാം നമ്പർ പ്ലാറ്റ് ഫോമിന്റെ വടക്ക് വശത്താണ് ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.
വലിയ ചാക്കിനകത്ത് പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടിവെച്ചനിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിലെയും പരിസര പ്രദേശങ്ങളിലേയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
പരിശോധന കണ്ടതോടെ കഞ്ചാവ് ഉപേക്ഷിച്ച് കടന്നതാവാനാണ് സാധ്യത. കഴിഞ്ഞദിവസവും റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കഞ്ചാവ് പിടികൂടിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോമിന്റെ വടക്കുഭാഗത്ത് നിന്ന് 3.756 കിലോ കഞ്ചാവാണ് ചൊവ്വാഴ്ച കണ്ടെത്തിയത്.
ക്രിസ്മസ്-പുതുവത്സരാഘോഷം നടക്കുന്ന കാലയളവിൽ ലഹരി പദാർഥങ്ങളുടെ ഉപഭോഗം, വിപണനം, സംഭരണം എന്നിവ തടയാനായി എക്സൈസ് സംയുക്ത പരിശോധനകൾ നടത്തുന്നുണ്ട്. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനനും സംഘവും കണ്ണൂർ ആർ.പി.എഫുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണ് എക്സൈസും ആർ.പി.എഫും. പ്രിവന്റീവ് ഓഫിസർ നിസാർ കൂലോത്ത്, എക്സൈസ് ഇന്റലിജൻസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷജിത്ത് കണ്ണിച്ചി, പ്രിവന്റീവ് ഓഫിസർ സി. ജിതേഷ്, ആർ.പി.എഫ് സബ് ഇൻസ്പെക്ടർമ്മാരായ സജി അഗസ്റ്റിൻ, വി.വി. സഞ്ജയ് കുമാർ തുടങ്ങിയവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
ഡിസംബർ ഒമ്പത് രാവിലെ ആറു മുതൽ ജനുവരി നാലിന് രാത്രി 12 വരെ എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ക്രമീകരണങ്ങൾ എന്നിവ നടത്തിവരുകയാണ്.
താലൂക്ക് പരിധികളിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് തല സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനായി കണ്ണൂർ അസി. എക്സൈസ് കമീഷണറുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലതല കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ട്. ഫോൺ: 04972 706698.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.