'കേരളം ഈസ് ഓഫ് ഡൂയിംഗ് നാർക്കോട്ടിക് ബിസിനസ്, ഹോൾസെയിലായെത്തുന്ന കഞ്ചാവ് കൃത്യമായ അളവിൽ ഉപഭോക്താക്കളിലേക്ക്'; മന്ത്രി രാജീവിനും എസ്.എഫ്.ഐക്കും എതിരെ ഒളിയമ്പെയ്ത് വി.ടി.ബൽറാം
text_fieldsകൊച്ചി: കളമശ്ശേരിയിലെ പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ എസ്.എഫ്.ഐക്കും മന്ത്രി പി.രാജീവിനുമെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
'ഹോൾസെയിലായി കിലോ കണക്കിന് എത്തുന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്നിക്ക് കോളജ് ഹോസ്റ്റലിൽ പ്രവർത്തനമാരംഭിച്ചു. ത്രാസ് അടക്കമുള്ള ആധുനിക യന്ത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ കൃത്യമായ അളവിലും തൂക്കത്തിലും ഉൽപ്പന്നം ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകാനാവുമെന്നാണ് സംരംഭകർ ഉറപ്പുനൽകുന്നത്.' എന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
കോളജ് യൂനിയൻ ഭരിക്കുന്ന എസ്.എഫ്.ഐയെയും സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി.രാജീവിനെയും ലക്ഷ്യമിട്ടാണ് വി.ടി.ബൽറാമിന്റെ പരോക്ഷ വിമർശനം. കഞ്ചാവുമായി പിടികൂടിയവരുടെ കൂട്ടത്തിൽ കോളജ് യൂനയൻ സെക്രട്ടറിയായ കരുനാഗപള്ളി സ്വദേശി അഭിരാജുമുണ്ട്.
'വ്യവസായ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നൂതന സംരംഭം പ്രവർത്തിക്കുന്നത്. ഇതോട് കൂടി സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തി കാക്കത്തൊള്ളായിരത്തി ഒന്ന് ആയി വർധിച്ചതായും കേരളം ഈസ് ഓഫ് ഡൂയിംഗ് നാർക്കോട്ടിക് ബിസിനസ് സൂചികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചതായും പി.ആർ വ്യവസായ വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു"- എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
കളമശ്ശേരിയിലെ പോളിടെക്നിക്ക് മെൻസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാൻസാഫ് സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
രാത്രി ഒമ്പത് മണിയോടെയാണ് പൊലീസ് സംഘം റെയ്ഡിനായി ഹോസ്റ്റലിലെത്തിയത്. ഏകദേശം ഏഴ് മണിക്കൂർ നീണ്ട റെയ്ഡിനൊടുവിലാണ് കഞ്ചാവ് പൊലീസ് പിടിച്ചെടുത്തത്. കോളജിൽ ഇന്ന് ഹോളി ആഘോഷം നടക്കാനിരിക്കെയാണ് പൊലീസ് റെയ്ഡ് ഉണ്ടായത്.
റെയ്ഡിനായി പൊലീസ് എത്തിയതോടെ ചില വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോസ്റ്റലിൽ കഞ്ചാവ് വിൽപനക്കായി എത്തിച്ചുവെന്നാണ് സംശയിക്കുന്നത്. ചെറിയ പാക്കറ്റുകളിലാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
കേരളത്തെ നടുക്കി കോളജ് ഹോസ്റ്റലിലെ ഇതാദ്യമായാണ് ഇത്രയേറെ കഞ്ചാവ് ശേഖരം പിടികൂടുന്നത്.റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.