കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട
text_fieldsതൃശൂർ:ആന്ധ്രയിൽ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മൊത്തവിതരണത്തിനായി കൊണ്ടുവന്ന 211 കിലോ കഞ്ചാവ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൊരട്ടി പോലീസും ചേർന്നു പിടികൂടി. അന്യസംസ്ഥാനങ്ങളിൽ നിന്നും വിവിധ മാർഗങ്ങളിലൂടെ കേരളത്തിലേക്ക് കഞ്ചാവ് തുടങ്ങിയ ലഹരിസാധനങ്ങൾ വൻതോതിൽ എത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് സംസ്ഥാന പൊലീസ് മേധാവി കർശന നിരീക്ഷണത്തിന് നിർദേശം നൽകിയിരുന്നു.
ഇതിനെത്തുടർന്നു തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ മേൽനോട്ടത്തിൽ തൃശൂർ റൂറൽ ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് തുടർച്ചയായി നിരീക്ഷിച്ച ശേഷം സംശയമുള്ള വാഹനങ്ങൾ നിരന്തരമായി പരിശോധിച്ചതിൽ നിന്നുമാണ് കഞ്ചാവ് കടത്തിക്കൊണ്ടു വരുന്ന വാഹനങ്ങൾ മനസിലായത്. ലോറിയിലും കാറിലുമായാണ് പ്രതികൾ 211 കിലോ കഞ്ചാവ് കൊണ്ടു വന്നിരുന്നത്.
വാഹനം കൊരട്ടിയിൽ എത്തിയപ്പോൾ പോലീസ് സംഘം സംശയിക്കുന്ന ലോറി പരിശോധിച്ചപ്പോഴാണ് ലോറിയുടെ പുറകിൽ സംശയം തോന്നിപ്പിക്കാത്ത രീതിയിൽ ടാർപ്പായ ഇട്ട് മൂടിയ നിലയിൽ കഞ്ചാവ് ഒളിപ്പിച്ചതായി കണ്ടെത്തിയത്. ലോക് ഡൗൺ കാലഘട്ടമായതിനാൽ റോഡിൽ പോലീസ് ചെക്കിംഗ് ഉള്ളതിനാൽ കഞ്ചാവുമായി പോകുവാൻ ഇവർ ഒരു പൈലറ്റ് വാഹനമായി ഇഗ്നിസ് കാറും ഒരുക്കിയിരുന്നു. പിടികൂടിയ ലോറിയിലെ പ്രതികളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് ഇഗ്നിസ് കാറും തന്ത്രപരമായി പിടികൂടിയപ്പോഴാണ് കാറിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത്.
കഞ്ചാവുമായി പ്രതികളായ തൃശൂർ എൽത്തുരുത്ത് ആലപ്പാട് പൊന്തേക്കൻ വീട്ടിൽ കോഴിജോസ് എന്ന ജോസ് (40), ആലപ്പാട് പൊന്തേക്കൻ വീട്, എൽതുരുത്ത്, ലാലൂർ, തൃശൂർ മണ്ണുത്തി വലിയ വീട്ടിൽ സുബീഷ് (42, തൃശൂർ പഴയന്നൂർ വടക്കേത്തറ നന്നാട്ടുകുളം വീട്ടിൽ എൻ.എം. മനീഷ് (23), തമിഴ്നാട് തേനി സുരേഷ് (45), തൃശൂർ കുണ്ടുകാട് താണിക്കും തേമനാ വീട്ടിൽ രാജീവ് (42) എന്നിവരെ തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സി. ഷാജ് ജോസ്, ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, കൊരട്ടി സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.കെ. അരുൺ, തൃശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് എസ്.ഐ എം.പി. മുഹമ്മദ് റാഫി, എസ്.ഐ ഷാജു എടുത്താടൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ ജയകൃഷ്ണൻ, ടി.ആർ. ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സൂരജ്.വി. ദേവ്, ലിജു ഇയ്യാനി, വി.ആർ. രഞ്ജിത്, സി.പി.ഒമാരായ ഷറഫുദ്ദീൻ, മാനുവൽ, സജി, ജിബിൻ, നിതീഷ്, തൃശൂർ റൂറൽ സൈബർ സെൽ ഉദ്യോഗസ്ഥരായ സനൂപ്, മനു, കൊരട്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ജോഷി, സുരേഷ്, സജി വർഗ്ഗീസ്, പ്രദീപ്, സിജു എന്നിവരും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
സമീപകാലത്തെ കേരള പൊലീസിന്‍റെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്. ചില്ലറ വിപണിയിൽ നാല് കോടിയോളം വിലവരുന്ന കഞ്ചാവാണിത്. കഞ്ചാവിന്‍റെ ഉറവിടത്തിനെ കുറിച്ചും പ്രതികൾക്ക് ഇതിനുവേണ്ടി സാമ്പത്തിക സഹായം ചെയ്തവരെയും പ്രതികളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽക്കുന്നവരെയും കുറിച്ചും അന്വേഷിച്ചു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.