നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം; റോബിൻ ജോർജ് പിടിയിൽ
text_fieldsകോട്ടയം: നായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിൻ ജോർജ് പിടിയിൽ. പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ റോബിനെ തമിഴ്നാട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തെങ്കാശിയിലെ ഒരു കോളനിയിൽ ഒളിവിൽ കഴിയുകയായിരുന്ന റോബിനെ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാൽ, റെയ്ഡിനിടെ റോബിൻ ജോർജ് കടന്നുകളയുകയായിരുന്നു. പൊലീസ് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ഡെൽറ്റ കെ ഒമ്പത് എന്ന പേരിൽ ഡോഗ് ഹോസ്റ്റലും നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയോടെയാണ് പൊലീസ് സംഘം പരിശോധനക്കായി റോബിന്റെ വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ മുന്തിയ ഇനത്തിൽപെട്ട 13ഓളം നായ്ക്കളെ പൊലീസിനെ ആക്രമിക്കുന്നതിനായി അഴിച്ചുവിട്ട് മതിൽ ചാടി പിന്നിലെ പാടം വഴി കടന്നുകളഞ്ഞു.
തുടർന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവർ ചേർന്ന് ഡോഗ് സ്ക്വാഡിലെ നാർകോട്ടിക് സ്നിഫർ ഡോഗ് ഡോണിന്റെ സഹായത്തോടെ നായ്ക്കളെ കൂട്ടിലടച്ചു. വീടിനകത്തുണ്ടായിരുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട രണ്ടു നായ്ക്കളെ മുറിയിലടച്ചിട്ട ശേഷമാണ് പരിശോധന നടത്താനായത്.കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലും മുറിക്കുള്ളിൽ രണ്ട് ട്രാവൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കഞ്ചാവ്.
കാക്കി കണ്ടാൽ കടിക്കാൻ നായ്ക്കളെ പരിശീലിപ്പിച്ച് പ്രതി
കഞ്ചാവ് കച്ചവടം നടത്തിയിരുന്ന പ്രതി റോബിൻ നായ്ക്കളെ പരിശീലിപ്പിച്ചത് കാക്കിവസ്ത്രം കണ്ടാൽ കടിക്കാൻ. ബി.എസ്.എഫിൽനിന്ന് വിരമിച്ച ആളുടെ അടുത്തുനിന്നാണ് റോബിൻ നായ്ക്കളെ പരിശീലിപ്പിക്കാൻ പഠിച്ചത്. മൂന്നുമാസത്തോളം അവിടെയുണ്ടായിരുന്നു. കാക്കിയിട്ടവരെ പട്ടിയെക്കൊണ്ട് കടിപ്പിക്കുന്നതെങ്ങനെ എന്നതരത്തിൽ ചോദിച്ചതിനെ തുടർന്ന് പരിശീലന സ്ഥലത്തുനിന്ന് ഇയാളെ പുറത്താക്കിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. ഇയാളും സഹായിയും കാക്കി കൈയിൽ ചുറ്റിയും മറ്റും ആക്രമിക്കാൻ നായ്ക്ക് പരിശീലനം നൽകുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു.
ഒന്നരവർഷം മുമ്പാണ് ചെങ്ങന്നൂർ സ്വദേശിയുടെ വീട് വാടകക്കെടുത്ത് കുമാരനെല്ലൂരിൽ ഡോഗ് ഹോസ്റ്റൽ തുടങ്ങിയത്. വീടിനു മുന്നിലെ ഷെഡിലാണ് നായ്ക്കളെ പാർപ്പിച്ചിരുന്നത്. പൊലീസ് അടുക്കാതിരിക്കാൻ രണ്ടു നായ്ക്കളെ മുറിക്കകത്തും കെട്ടിയിട്ടു. ഉടമകൾ തങ്ങളുടെ വീട് പൂട്ടി പുറത്തുപോകുമ്പോൾ പട്ടികളെ പരിപാലിക്കുന്നതിന് ഇയാളുടെ ഡോഗ് ഹോസ്റ്റലിലാണ് ഏൽപിച്ചിരുന്നത്.
1000 രൂപയാണ് ഒരുദിവസത്തേക്ക് ഫീസ്. ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. റോബിന്റെ ഗർഭിണിയായ ഭാര്യ ഉണ്ടായിരുന്നതിനാൽ റെയ്ഡ് നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടര്ന്ന് സമീപവാസിയായ മുന് പൊലീസ് ഉദ്യോഗസ്ഥന്റെ സഹായംതേടി. സ്വന്തം നായെ പരിശീലിപ്പിക്കുന്നതിന് ഇദ്ദേഹം സ്ഥാപനത്തില് എത്തുകയും നിരീക്ഷണം നടത്തി കഞ്ചാവ് ഉണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽനിന്ന് സെർച് വാറന്റ് വാങ്ങിയാണ് പൊലീസ് റെയ്ഡിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.