മുൻകാല പ്രാബല്യം നൽകാനാവില്ല; ജല അതോറിറ്റി പെൻഷൻ പരിഷ്കരണത്തിന് ഉടക്കിട്ട് ധനവകുപ്പ്
text_fieldsതിരുവനന്തപുരം: മുൻകാല പ്രാബല്യം നൽകാനാവില്ലെന്ന ധനവകുപ്പ് നിലപാടിനെത്തുടർന്ന് ജല അതോറിറ്റി പെൻഷൻ പരിഷ്കരണ ഫയൽ മന്ത്രിസഭ തീരുമാനമെടുക്കാതെ മടക്കി. ജൂൺ 12ന് ചേർന്ന മന്ത്രിസഭ യോഗത്തിൽ വിഷയം വന്നെങ്കിലും 2024 ഏപ്രിൽ ഒന്നുമുതൽ നൽകിയാൽ മതിയെന്നായിരുന്നു ധനവകുപ്പ് ശിപാർശ.
ജലവിഭവ മന്ത്രി വിയോജിച്ചതോടെ തീരുമാനമെടുത്തില്ല. 2019 ജൂലൈ ഒന്നുമുതലാണ് പെൻഷൻ പരിഷ്കരണം നടപ്പാക്കേണ്ടിയിരുന്നതെന്നും മുൻകാല പ്രാബല്യം അന്നുമുതൽ വേണമെന്നുമാണ് പെൻഷൻകാരുടെ ആവശ്യം. ജല അതോറിറ്റിയും മന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും ധനവകുപ്പ് അധികബാധ്യതയുടെ പേരിൽ മുൻകാല പ്രാബല്യം ഒഴിവാക്കി നടപ്പാക്കാമെന്ന തീരുമാനത്തിലാണ്. നാമമത്ര പെൻഷൻ ലഭിക്കുന്നവരാണ് വിരമിച്ചവരിലേറെയും.
പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ അതോറിറ്റി കാര്യാലയത്തിന് മുന്നിൽ 108 ദിവസം അനിശ്ചിതകാല സമരം നടത്തിയിരുന്നു. മന്ത്രിതലത്തിലടക്കം നടന്ന ചർച്ചയിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ തീരുമാനം വൈകി.
പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനയിലേക്ക് വരുന്ന ഘട്ടത്തിലാണ് അഞ്ച് വർഷമായി കിട്ടേണ്ട മുൻകാല പ്രാബല്യം 2024 ഏപ്രിൽ മുതലാക്കി ചുരുക്കി ധനവകുപ്പ് കുറിപ്പെഴുതിയത്.
ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പെൻഷൻകാർ. ധനവകുപ്പ് നിലപാട് മാറ്റണമെന്നും അർഹമായ ആനുകൂല്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന പ്രതിനിധികൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.