ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോർട്ടുകൾക്ക് അനുമതി നൽകാനാകില്ല -ഹൈകോടതി
text_fieldsകൊച്ചി: മൂന്നാർ മേഖലയിലെ ഏലം കുത്തകപ്പാട്ട ഭൂമിയിൽ റിസോർട്ടുകൾക്ക് അനുമതി നൽകാനാകില്ലെന്ന് ഹൈകോടതി. കോടതിവിധി ദുർവ്യാഖ്യാനം ചെയ്ത് റവന്യൂ അധികൃതർ റിസോർട്ടുകൾക്ക് അനുമതി നൽകുന്നുവെന്ന പരാതിയെത്തുടർന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിശദീകരണം.
പള്ളിവാസൽ വില്ലേജിലെ ഏലത്തോട്ടത്തിൽ തൊഴിലാളി ലയങ്ങൾക്കുള്ള കെട്ടിടങ്ങൾ റിസോർട്ടാക്കി മാറ്റാൻ മകയിരം ഗ്രൂപ്പിന് ഇടുക്കി കലക്ടർ കഴിഞ്ഞ 28ന് കത്ത് നൽകിയെന്നായിരുന്നു ആക്ഷേപം. എൻ.ഒ.സി സംബന്ധിച്ച കോടതി ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് ഇതെന്ന് അഭിഭാഷകർ കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ‘പ്ലാേന്‍റഷൻ റിസോർട്ട്’ എന്ന വിഭാഗത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. കലക്ടറുടെ നടപടി നിയമപരമാണോയെന്ന് പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. തൊഴിലാളികൾക്കുള്ള കെട്ടിടങ്ങൾ റിസോർട്ടാക്കാൻ ആർക്കും അനുമതി നൽകാനാകില്ലെന്നും വ്യക്തമാക്കി. മൂന്നാർ മേഖലയിൽ 2000 കോടിയിൽ കുറയാത്ത അനധികൃത ഭൂമി ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
നിലവിലില്ലാത്ത ഏതെങ്കിലും തമിഴ്‌നാട്ടുകാരുടെയും മറ്റും പേരിലായിരിക്കും കൈയേറ്റഭൂമി. രാഷ്ട്രീയക്കാർ ഉൾപ്പെട്ടതിനാലാണ് ഉദ്യോഗസ്ഥർ നടപടിക്ക് മടിക്കുന്നതെന്നും ബെഞ്ച് വാക്കാൽ പരാമർശിച്ചു. ഏലപ്പാട്ട ഭൂമിയിലെ റിസോർട്ടുകൾ സംബന്ധിച്ച് ഇടുക്കി കലക്ടർ തഹസിൽദാർമാരുടെ റിപ്പോർട്ട് വാങ്ങണമെന്നും കോടതി നിർദേശിച്ചു. മൂന്നാർ ഭൂമി കൈയേറ്റങ്ങൾക്കെതിരെ വൺ എർത്ത് വൺ ലൈഫ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് നിർദേശം. ഹരജി ഇന്ന് വീണ്ടും പരിഗണിക്കും.
വ്യാജപട്ടയം: പുനരന്വേഷണ സാധ്യത പരിശോധിക്കും
കൊച്ചി: ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദാർ എ.ഐ. രവീന്ദ്രൻ 534 വ്യാജ പട്ടയങ്ങൾ നൽകിയെന്ന് കണ്ടെത്തിയിട്ടും ഇയാൾക്കെതിരെ ക്രിമിനൽ നടപടിയുണ്ടാകാത്തതെന്തെന്ന് ഹൈകോടതി.
രവീന്ദ്രനെതിരെ വിജിലൻസ് അന്വേഷണം നടന്നതാണെന്നും അനധികൃത സമ്പാദ്യം കണ്ടെത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. ഇതടക്കം പ്രതികളെ വെറുതെവിട്ട നാൽപതിലധികം കേസുകളിൽ പ്രത്യേക സംഘത്തെ വെച്ച് തുടരന്വേഷണത്തിന് തയാറാണെന്നും വ്യക്തമാക്കി.
എന്നാൽ, ഗൂഢാലോചനക്കുറ്റം മാത്രം ചുമത്തിയ കേസുകൾ, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി പുനരന്വേഷണത്തിന് സാധ്യത തേടുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ ബുധനാഴ്ച നിലപാട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.