മലപ്പുറത്ത് വിദ്യാർഥിനിയുടെ മരണം ആത്മഹത്യയെന്ന്; ഓൺലൈൻ ക്ലാസിന് സൗകര്യമില്ലാത്തതിൽ മനംനൊന്ത്
text_fieldsവളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയിൽ സ്കൂൾ വിദ്യാർഥിനിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് ഓൺലൈനിൽ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയതാണെന്ന് മാതാപിതാക്കൾ. പണമില്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ കഴിഞ്ഞില്ല. സ്മാർട്ഫോൺ ഇല്ലാത്തതിനാൽ ക്ലാസിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കുട്ടിയെ മാനസികമായി തളർത്തിയെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഇന്നലെ വൈകീട്ട് 5.30ഓടെയാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ തിരുനിലം പുളിയാപ്പറ്റക്കുഴിയിൽ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ദേവികയെ (14) ആളൊഴിഞ്ഞ വീടിെൻറ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടർന്ന് നാലിന് ആരംഭിച്ച തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. വീട്ടിലെ മണ്ണെണ്ണ കുപ്പിയെടുത്ത് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കൾ ഇക്കാര്യം പറയുന്നത്.
ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായിരുന്ന ദേവിക പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്കോളർഷിപ്പ് ഉൾപ്പെടെ നേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദേവികയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഴയ ടി.വിയും ഡി.ടി.എച്ച് കണക്ഷനും വീട്ടിൽ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാർട്ഫോണും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങളാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകില്ലെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.
ദേവനന്ദ, ദീക്ഷിത്, ഏഴുമാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് ദേവികയുടെ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.