തവനൂരിൽ സ്ഥാനാർഥിയാകാനില്ല, സന്തോഷത്തോടെ മാറിനിൽക്കുന്നു -ഫിറോസ് കുന്നംപറമ്പിൽ
text_fieldsപാലക്കാട്: തവനൂരിൽ താൻ സ്ഥാനാർഥിയാകുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ സന്തോഷത്തോടെ മാറിനിൽക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. 'ഒരിക്കലും ഞാൻ ആഗ്രഹിച്ചതല്ല മത്സരിക്കാൻ. ആരെയും മാറ്റിനിർത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട.
തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങേണ്ട എന്നായിരുന്നു നേരത്തെ എന്‍റെ നിലപാട്. എല്ലാവരെയും ചേർത്തുനിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നല്ലരീതിയിൽ കൊണ്ടുപോകണമെന്നായിരുന്നു ഇതിന് പിന്നിലെ ഉദ്ദേശ്യം. എന്നാൽ, എനിക്കെതിരെ ആക്രമണങ്ങൾ നിരന്തരം വന്നതോടെ മാറിചിന്തിക്കാൻ നിർബന്ധിതനായി.
നിരവധി യു.ഡി.എഫ് നേതാക്കാൾ എന്നെ വിളിച്ചിരുന്നു. രമേശ് ചെന്നിത്തല പാലക്കാട്ട് വന്നപ്പോൾ കാണാനായി വിളിച്ചുവരുത്തുകയും ചെയ്തു. അദ്ദേഹമടക്കം മത്സരിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സമ്മതം മൂളിയത്. പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങാനും ആവശ്യപ്പെട്ടു.
തവനൂരിൽ തന്‍റെ സ്ഥാനാർഥിത്വത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും നേതാക്കൾ പറഞ്ഞതോടെയാണ് അരമനസ്സോടെ സമ്മതം മൂളിയത്. ഞായറാഴ്ച സ്ഥാനാർഥിക പട്ടിക പുറത്തുവരുേമ്പാൾ തന്‍റെ പേരുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പേര് അതിൽ വന്നില്ല എന്ന് മാത്രമല്ല, വിവാദങ്ങൾ നിലനിൽക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ തവനൂരും ഉൾപ്പെട്ടു. കൂടാതെ ഇതിന്‍റെ പേരിൽ മലപ്പുറം ഡി.സി.സി ഓഫിസിന് മുന്നിൽ ചിലർ സമരവും തുടങ്ങി. തന്‍റെ പേരിലെ വിവാദങ്ങൾ കാണുേമ്പാൾ മാനസികമായി വിഷമമുണ്ട്.
സീറ്റിന് മറ്റുള്ളവർ താൽപ്പര്യം കാണിക്കുന്നുണ്ടെങ്കിൽ ഞാൻ മാറിനിൽക്കുന്നതാണ് നല്ലത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർ മത്സരിക്കട്ടെ. എന്‍റെ മേഖല രാഷ്ട്രീയ പ്രവർത്തനമല്ല, ചാരിറ്റിയാണ്.
അതേസമയം, താൻ മത്സരിക്കാതിരിക്കുന്നത് സ്വത്ത് വിവരങ്ങൾ കാണിക്കേണ്ടി വരുമെന്നതിനാലാണെന്ന് നേരത്തെ പലരും പ്രചരിപ്പിച്ചിരുന്നു. എന്നാൽ, അക്കാര്യങ്ങൾ വെളിപ്പെടുത്തി സത്യാവസ്ഥ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ചു. ഒപ്പം ഒരു വിഭാഗം എന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽനിന്ന് സംരക്ഷണവും ലഭിക്കും. ഇതെല്ലാം മനസ്സിൽ വിചാരിച്ചിരുന്നു.
എന്നാൽ, ഇനി തമ്മിൽതല്ലി സീറ്റ് പിടിക്കാനില്ല. പണം കൊടുത്തല്ല സീറ്റ് ലഭിച്ചത്. പ്രശ്നങ്ങളില്ലാതെ, എല്ലാവരുടെയും സന്തോഷത്തോടെ ലഭിക്കുന്ന സീറ്റ് മാത്രം മതി. ആരെയും ബുദ്ധിമുട്ടിക്കാനില്ല. മത്സരിക്കുന്ന വിവരമറിഞ്ഞ് നൂറുകണക്കിന് കോൺഗ്രസ് ഭാരവാഹികളും മണ്ഡലത്തിലെ ജനങ്ങളും എന്നെ വിളിച്ച് സന്തോഷം പങ്കുവെച്ചിരുന്നു. താൻ മത്സരിക്കുന്നില്ലെങ്കിലും നിങ്ങൾക്ക് എന്ത് ആപത്ത് വരുേമ്പാഴും എന്നെ സമീപിക്കാം -ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.