Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ വർഷം പേവിഷബാധയേറ്റ്...

ഈ വർഷം പേവിഷബാധയേറ്റ് മരിച്ചത് 18 പേർ; അധികവും വാക്സിനെടുത്തവർ, ആശങ്കയിൽ നാട്

text_fields
bookmark_border
ഈ വർഷം പേവിഷബാധയേറ്റ് മരിച്ചത് 18 പേർ; അധികവും വാക്സിനെടുത്തവർ, ആശങ്കയിൽ നാട്
cancel

പേ വിഷബാധക്കെതിരെയുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടും ആളുകൾ മരിക്കുന്നതിന് പിന്നിലെ അസ്വാഭാവികതയെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. നിലവില്‍ കേരളത്തില്‍ പേവിഷത്തിന് ലഭ്യമായ നാല് ഡോസ് പ്രതിരോധ വാക്‌സീനും ആന്റി റാബീസ് സിറവും എത്രത്തോളം ഫലപ്രദമാണെന്ന് അധികൃതർക്ക് പോലും കൃത്യമായി പറയാനാകാത്ത അവസ്ഥയാണ്. ഈ വർഷം മെയ് 30ന് നായയുടെ കടിയേറ്റ ശ്രീലക്ഷ്മി എന്ന 19കാരിയും മരിച്ചത് വാക്സിനെടുത്തതിന് ശേഷമാണ്. വാക്സിൻ എടുത്തിട്ടും പേവിഷ ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും മരിക്കുകയുമായിരുന്നു.

ഈ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രസക്തമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ. ജിനേഷ് പി.എസ്. ഈ വർഷം ആഗസ്ത് വരെ കേരളത്തിൽ പതിനെട്ട് പേവിഷ ബാധ മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും ഇതിനെതിരെ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഏറെ ആശങ്കപ്പെടുത്തുന്ന കണക്കുകൾക്കിടയിലും സർക്കാരിന്റെ ഇടപെടലാണ് ഏക പ്രതീക്ഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

'ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 2021ൽ പേവിഷബാധ സ്ഥിരീകരിച്ചത് 11 പേർക്ക്. 11 പേരും മരണപ്പെട്ടു. 2020ൽ സ്ഥിരീകരിച്ചത് അഞ്ച് പേർക്ക്. അഞ്ചുപേരും മരണമടഞ്ഞു. 2022 ഓഗസ്റ്റ് 20, ഈ വർഷം ഇതുവരെ 17 പേർ പേവിഷബാധ മൂലം മരണപ്പെട്ടു എന്ന വാർത്ത വായിച്ചു. വാർത്ത എത്രത്തോളം കൃത്യമാണ് എന്ന് അറിയില്ല. അതുപോലെ ഈ വർഷത്തെ ആരോഗ്യവകുപ്പിന്റെ കണക്കും കൃത്യമായി അറിയില്ല. എന്തായാലും വായിച്ച വാർത്തകളിൽ നിന്നും അത് കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ കൂടുതലാണ് എന്ന് കരുതുന്നു. നായകടി സംബന്ധിച്ച വാർത്തകളും ധാരാളം വന്നുകൊണ്ടിരിക്കുന്നു. കുട്ടികളെ തെരുവുനായ ഓടിക്കുന്ന ഒരു വീഡിയോ കണ്ടിട്ട് കുറച്ചു ദിവസങ്ങളെ ആയുള്ളൂ.

ലഭ്യമായ വാർത്തകളിൽ നിന്ന് മനസ്സിലാവുന്നത് നായ ശല്യം കൂടുതലുണ്ട് എന്നാണ്. നിയന്ത്രിക്കാനുള്ള പല കാര്യങ്ങളും ചെയ്യുന്നുണ്ട് എന്ന് വാർത്തകളിൽ കാണുന്നുണ്ട്. നിയന്ത്രണം പ്രായോഗികമായി നടക്കുന്നില്ലെങ്കിൽ കൊന്നു കളയുന്നത് അടക്കം ചിന്തിക്കണം. ജില്ല അടിസ്ഥാനത്തിൽ തെരുവ് നായകൾക്ക് ഒരു ഷെൽട്ടർ സംവിധാനം ഒരുക്കാൻ പറ്റിയാൽ നന്നായിരിക്കും. വലിയ നായകളെ വന്ധ്യംകരിച്ച ശേഷം ഷെൽട്ടറിൽ ആക്കുന്നത് ചിന്തിക്കാം. ഒപ്പം താല്പര്യമുള്ളവർക്ക് തെരുവ് നായ്ക്കളെ അഡോപ്റ്റ് ചെയ്യുന്ന കാര്യവും ആലോചിക്കാവുന്നതാണ്. ആവശ്യമായ കുത്തിവെപ്പുകൾ എല്ലാം എടുത്ത ശേഷം ആയിരിക്കണം ഇതെല്ലാം എന്ന് മാത്രം.

ഇതിൽ ചിലർക്കെങ്കിലും എതിർപ്പ് വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ എതിർപ്പ് ഉന്നയിക്കുന്നവർക്ക് നായകളെ അഡോപ്റ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത് ആലോചിക്കാവുന്നതാണ്. മറ്റൊരു വിഷയം ഇത്തവണ മരണപ്പെട്ടവരിൽ വാക്സിൻ സ്വീകരിച്ചവരും ഉണ്ട് എന്ന വാർത്തയാണ്. ഈ വാർത്തയും എത്രമാത്രം ശരിയാണ് എന്ന് കൃത്യമായി അറിയില്ല. ലഭ്യമായ വാക്സിനുകളിൽ പ്രായോഗികമായി ഏറ്റവു ഫലപ്രദമായ വാക്സിനുകളിൽ ഒന്ന് റാബിസ് വാക്സിൻ ആണെന്നാണ് കരുതപ്പെടുന്നത്.

നായകടി മൂലമുള്ള പരിക്കിന്റെ തീവ്രത, എത്ര ഡോസ് സ്വീകരിച്ചു, ഇമ്മ്യൂണോഗ്ലുബുലിൻ ആവശ്യമായവരിൽ അത് നൽകിയിരുന്നോ, വാക്സിന്റെ ഗുണനിലവാരം ഉറപ്പാക്കിയിരുന്നോ അങ്ങനെ നിരവധി കാര്യങ്ങൾ വിലയിരുത്തേണ്ടതുണ്ട്. കൂടാതെ, റാബീസ് മരണങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടിയിട്ടുണ്ടോ, മരണങ്ങൾ ഉണ്ടായത് വാക്സിൻ എടുത്തവരിലാണോ എടുക്കാത്തവരിലാണോ?, ഏതെങ്കിലും ഒരു പ്രത്യേക ബ്രാൻഡ് വാക്സിൻ/RIG ഉപയോഗിച്ചപ്പോൾ മരണങ്ങൾ കൂടുതൽ ഉണ്ടോ? വാക്സിൻ & RIG: ട്രാൻസ്പോർട്ടേഷൻ സ്റ്റോറേജ് എന്നിവയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കും അടിയന്തരമായി ഉത്തരം ലഭിക്കേണ്ടതുണ്ട്.

ചെറിയൊരു ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ചില ചോദ്യങ്ങൾ മാത്രമാണ് ഇത്. ഇതിലും കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടി വന്നേക്കാം. എന്തായാലും അത് വൈകരുത് എന്നാണ് അഭ്യർത്ഥന. സമൂഹത്തിൽ വളരെയധികം ആശങ്കയുള്ള ഒരു വിഷയമാണ്. പക്ഷേ കാര്യമായ വാർത്താ പ്രാധാന്യം ലഭിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. നമ്മൾ വളരെ ഫലപ്രദമായി നേരിട്ടിരുന്ന ഒരു വിഷയമായിരുന്നു ഇത്. അതുകൊണ്ടുതന്നെ അതീവ ഗൗരവമായി ഈ വിഷയം പരിഗണിക്കേണ്ടതുണ്ട്' -ഡോക്ടർ കുറിപ്പിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogsrabies vaccines
News Summary - cant rabies vaccines save human lives
Next Story