‘രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുന്നതായി പറയുന്നു, മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാകുന്നില്ല’
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയോടുള്ള നിലപാട് കടുപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.
മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിട്ടതിനുശേഷം സ്വർണക്കടത്ത്, ഹവാല ഇടപാട് പരാമർശങ്ങളിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാൻ രാജ്ഭവൻ റിപ്പോർട്ട് തയാറാക്കി. അടുത്തദിവസം തന്നെ ഇത് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള അന്വേഷണമോ നടപടിയോ റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നില്ല. പുറത്തുവന്ന വിവരങ്ങൾ രാഷ്ട്രപതിയെ അറിയിക്കുന്ന രീതിയിലാണ് റിപ്പോർട്ട് തയാറാക്കിയതെന്നാണ് വിവരം. റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് രാഷ്ട്രപതിയാണെന്ന നിലപാടിലാണ് നടപടികൾ ശിപാർശ ചെയ്യാത്തത്. ഞായറാഴ്ച ഗവർണർ ഡൽഹിക്ക് പോകും മുമ്പ് റിപ്പോർട്ട് കൈമാറിയേക്കും. 18നായിരിക്കും ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തുക. സ്വർണക്കടത്ത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വിശദാംശങ്ങൾ തേടി ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഗവർണർ വിളിച്ചപ്പോൾ ഹാജരാകുന്നത് മുഖ്യമന്ത്രി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇനി ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മറ്റ് കാര്യങ്ങൾക്കായി രാജ്ഭവനിൽ വരേണ്ടതില്ലെന്ന നിലപാടും ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാറിനെ സമ്മർദത്തിലാക്കാനാണ് ഗവർണർ ഈ നിലപാടിലേക്ക് വന്നത്. മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിട്ടതിന് പിന്നാലെ ഇതിന് മറുപടിയായി വെള്ളിയാഴ്ച വൈകീട്ടാണ് ഗവർണർ വീണ്ടും കത്ത് നൽകിയത്. വിവരങ്ങൾ തേടിയുള്ള ഗവർണറുടെ കത്തിന്മേൽ 27 ദിവസം ഇരിക്കാൻ ഭരണഘടനയുടെ 167 അനുച്ഛേദം അനുവദിക്കുന്നില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് ദേശീയ സമ്പദ്‌വ്യവസ്ഥയെ അപകടത്തിലാക്കുകയും നികുതിചോർച്ചക്ക് വഴിവെക്കുകയും ചെയ്യുന്ന പ്രവർത്തനമാണെന്നും അവ രാജ്യത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും അതിനെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും വാർത്തസമ്മേളനത്തിൽ പൊതുപ്രസ്താവന നടത്തുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ഗവർണർ മറുപടി കത്തിൽതള്ളുന്നു. രാജ്യത്തിനെതിരായ കുറ്റങ്ങളെയാണ് ദേശവിരുദ്ധമെന്ന് പറയുന്നതെന്ന് ഗവർണർ കത്തിൽ പറയുന്നു. 2019 മുതൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉൾപ്പെടെയുള്ള ഓഫിസർമാർ പല സന്ദർഭങ്ങളിലും രാജ്ഭവനിൽ വന്ന് കാര്യങ്ങൾ വിശദീകരിച്ചതും ഗവർണറുടെ കത്തിൽ മുഖ്യമന്ത്രിയെ ഓർമിപ്പിക്കുന്നു.
സ്വർണക്കടത്ത് സംബന്ധിച്ച മലപ്പുറം വിരുദ്ധ പരാമർശം വിശദീകരിക്കാനും വിവരങ്ങൾ നൽകാനും തയാറാകാത്ത സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇനി രാജ്ഭവനിലേക്ക് വരേണ്ടെന്ന് നേരത്തെ ഗവർണർ വാർത്തസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. രാജ്യത്തിനെതിരെ കുറ്റകൃത്യം നടക്കുമ്പോൾ അത് ഗവർണറോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടന ചുമതലയാണ്. ചിലകാര്യങ്ങൾ മറച്ചുവെക്കാനുള്ളത് കൊണ്ട് മുഖ്യമന്ത്രി രാജ്ഭവനിലേക്ക് വരുന്നില്ല. വിശദീകരിക്കാൻ വിളിപ്പിച്ച ഉദ്യോഗസ്ഥരെ തടയുകയും ചെയ്യുന്നു. കേരളത്തിൽ നടക്കുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ദേശീയ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുന്നത് പരിഗണിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി ഗവർണർ പറഞ്ഞു. മൂന്ന് വർഷം മുമ്പ് അദ്ദേഹത്തിന്‍റെ സെക്രട്ടറി തന്നെ സ്വർണക്കടത്തിൽ പങ്കാളിയായി. ഇതിൽ സംശയകരമായ ചിലകാര്യങ്ങളുണ്ട്. ഫിനാൻഷ്യൽ എക്സ്പ്രസിൽ സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച വാർത്തയാണ് പൊലീസ് വെബ്സൈറ്റിലുള്ളതായി പറഞ്ഞതെന്നും പൊലീസിന്‍റെ നിഷേധം താൻ അംഗീകരിക്കുന്നുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ കത്തിൽ തന്നെ രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുന്നുവെന്ന് പറയുന്നെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.