‘കട്ടപ്പുറം കാൻറീൻ’: കുടുംബശ്രീയുടെ നിർദേശം കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിൽ
text_fieldsകൊച്ചി: കേരളത്തിലെ വിവിധ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഉപയോഗശൂന്യമായി കട്ടപ്പുറത്ത് കിടക്കുന്ന ബസുകൾ കാൻറീനാക്കി മാറ്റാനുള്ള കുടുംബശ്രീയുടെ പദ്ധതി ഗതാഗത വകുപ്പിെൻറ പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട വിശദ എസ്റ്റിമേറ്റ് കുടുംബശ്രീ സമർപ്പിച്ചിട്ടുണ്ട്. മാസങ്ങൾക്കുമുമ്പ് നൽകിയ നിർദേശം പുതുക്കി വീണ്ടും സമർപ്പിച്ചിരിക്കുകയാണ്. ഇത് അംഗീകരിക്കപ്പെട്ടാൽ ആദ്യം ബസ് ലഭിക്കുന്ന ഡിപ്പോയിൽ പരീക്ഷണാടിസ്ഥാനത്തിൽ കാൻറീൻ തുറക്കും. വിജയകരമെന്നുകണ്ടാൽ എല്ലാ ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും.
കുടുംബശ്രീ പ്രവർത്തകർ നേരിട്ട് നടത്തുന്ന കാറ്ററിങ് യൂനിറ്റുകൾക്കായിരിക്കും ഇതിെൻറ ചുമതല. നിലവിൽ 1054 കാറ്ററിങ് യൂനിറ്റുകൾ ഇവരുടേതായി കേരളത്തിലുടനീളമുണ്ട്. അതത് ഡിപ്പോകൾക്ക് സമീപത്തുള്ള യൂനിറ്റുകളെ ചുമതലപ്പെടുത്തുകയായിരിക്കും ചെയ്യുക. ഓർഡറുകൾ സ്വീകരിച്ച് ഭക്ഷണം എത്തിക്കുന്ന കാറ്ററിങ് യൂനിറ്റുകൾക്ക് സ്ഥിരവരുമാനം എന്ന നിലയിലേക്ക് ഉയരാനും ഇതിലൂടെ കഴിയും. പദ്ധതി സാക്ഷാത്കരിച്ചാൽ എത്രത്തോളം വരുമാനമുണ്ടാക്കാൻ കഴിയുമെന്നതിെൻറ വിശദ കണക്ക് ഉൾപ്പെടെയുള്ള നിർദേശമാണ് സമർപ്പിച്ചിരിക്കുന്നത്. ഇത് സ്വീകരിക്കപ്പെട്ടാൽ ബസുകൾ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തി ഹോട്ടലിെൻറ മാതൃകയിലേക്ക് രൂപാന്തരപ്പെടുത്തേണ്ടതുണ്ട്. ഇരിപ്പിടമടക്കം സംവിധാനങ്ങൾ ഇതിനൊപ്പം തയാറാക്കണം. കെ.എസ്.ആർ.ടി.സിയുടെയും ഗതാഗത വകുപ്പിെൻറയും അനുമതി ലഭിക്കുന്നതിനനുസരിച്ച് ബസ് ഏറ്റെടുത്ത് തുടർ നടപടികളിലേക്ക് കടക്കും. അതേസമയം, ഇതുവരെ കെ.എസ്.ആർ.ടി.സി തീരുമാനം അറിയിച്ചിട്ടില്ല. നിർദേശം പരിശോധിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ പഴയ ബസുകളുടെ സാധനങ്ങൾ മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിക്ക് നൽകിവരുകയാണ് അതിനാൽ കുടുംബശ്രീയുടെ നിർദേശം എത്രത്തോളം കെ.എസ്.ആർ.ടി.സിക്ക് സ്വീകാര്യമാകുമെന്നതിൽ സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.