മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിലെ 50 വർഷങ്ങൾ ആഘോഷിച്ച് തലസ്ഥാനം
text_fieldsതിരുവനന്തപുരം; മല്ലികാ സുകുമാരന്റെ സിനിമ ജീവിതത്തിന്റെ 50 വാർഷികം ആഘോഷിച്ച് തലസ്ഥാന നഗരം. അപ്പോളോ ഡിമോറോയിൽ വെച്ച് നടന്ന ആഘോഷ പരിപാടി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഉത്തരായനം, സ്വയംവരം എന്നിങ്ങനെ മലയാള സിനിമയുടെ ദിശയെ നിയന്ത്രിച്ച രണ്ട് ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തിയെന്ന നിലയിൽ മല്ലികാ സുകുമാരനെ ഒരിക്കലും മറക്കാനാകില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
പ്രതിസന്ധികളെ അസാമാന്യ ധൈര്യത്തോടെ നേരിട്ട വ്യക്തിയാണ് മല്ലിക തനിക്ക് ശരിയെന്ന് തോന്നുന്നത് ധൈര്യമായി ചെയ്തു. ഇനിയും നല്ല രീതിയിൽ മുന്നേറാൻ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ് പൊന്നാട അണിയിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ ബൊക്കെ സമർപ്പിച്ചു. സംവിധായകൻ ഷാജി എൻ. കരുൺ സംഘാടകരായ ഫ്രണ്ട്സ് ആന്റ് ഫോസ് കൂട്ടായ്മയുടെ ഉപഹാരം സമർപ്പിച്ചു.
മക്കളും നടൻമാരുമായ ഇന്ദ്രജിത്ത് സുകുമാരനും, പ്രഥ്വിരാജ് സുകുമാരനും അമ്മയുടെ ജീവിതത്തിലെ ആപത്ഘട്ടങ്ങളെക്കുറിച്ച് സ്മരിച്ചപ്പോൾ മൂവരും കണ്ണീരണിഞ്ഞു. ജീവിതത്തിൽ ഇനി അധിക മോഹങ്ങൾ ഒന്നുമില്ലെന്നും ഇത് വരെ ജഗദീശ്വൻ നൽകിയ വരദാനത്തിന് നന്ദി പറയുന്നതായും മറുപടി പ്രസംഗത്തിൽ മല്ലികാ സുകുമാരൻ പറഞ്ഞു. തിരിഞ്ഞു നിൽക്കുമ്പോൾ ദുർഘടകരമായ അവസ്ഥ മറികടക്കാൻ കൂടെ നിന്ന സഹോദരങ്ങൾ, മറ്റു കുടുംബാങ്ങൾ മക്കൾ എന്നിവരുടെ പിൻതുണയും, സിനിമാ മേഖലയിലെ സഹായവും മറക്കാനാകാത്തതാണ്.
അമ്പതാം വാർഷികം ആഘോഷിക്കുക എന്നത് സുഹൃത് സംഘത്തിന്റെ താൽപര്യമായിരുന്നു. അത് എല്ലാപേരും ഏറ്റെടുത്തതായും എല്ലാവരേയും നന്ദി പൂർവ്വം സ്മരിക്കുന്നതായും മല്ലിക സുകുമാരൻ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ചടങ്ങിൽ ഡോ എം.വി പിള്ള, ബിജുപ്രഭാകർ, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, എം. ജയചന്ദ്രൻ, അഡ്വ ശങ്കരൻ കുട്ടി, ഡോ. ഭീമാ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ജി. സുരേഷ് കുമാർ സ്വാഗതവും , സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.