മൂലധന ചെലവ് വെട്ടിക്കുറച്ചില്ല -നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: ബജറ്റിൽ മൂലധന ചെലവ് വെട്ടിക്കുറച്ചിട്ടില്ലെന്നും 2024 -25 ബജറ്റിലെ 11.11 ലക്ഷം കോടിയിൽനിന്ന് 2025 -26 ബജറ്റിൽ 11.21 ലക്ഷം കോടിയായി വർധിപ്പിക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി നിർമല സീതാരാമൻ. ആഗോള സാഹചര്യങ്ങൾകൊണ്ടാണ് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വിലയിടിഞ്ഞതെന്നും ലോക്സഭയിൽ ബജറ്റ് ചർച്ചക്ക് അവർ മറുപടി നൽകി.
സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങളാൽ അങ്ങേയറ്റം അനിശ്ചിതത്വമുള്ള വേളയിലെ ബജറ്റായതിനാൽ അതിന്റെ തുടർച്ചയായി കേന്ദ്ര ബജറ്റിനെ കാണണമെന്ന് നിർമല പറഞ്ഞു. ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്തി. അതിനാണ് സർക്കാറിന്റെ മുൻഗണന. താങ്ങാവുന്ന വിലക്ക് ഭക്ഷ്യസാധനങ്ങൾ ജനങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പുവരുത്താൻ നടപടി എടുക്കുന്നുണ്ട്.
കേന്ദ്ര ബജറ്റിൽ മൊത്തം ചെലവ് 50.65 ലക്ഷം രൂപയാണെന്നും ഇത് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ തുകയേക്കാൾ 2.44 ലക്ഷം കോടി രൂപ കൂടുതലാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വർധിപ്പിച്ച 2.44 ലക്ഷം കോടി പോകുന്നത് മൂന്ന് കാര്യങ്ങൾക്കാണ്. പലിശ തിരിച്ചടക്കാൻ 1.13 ലക്ഷം കോടി, കേന്ദ്ര പദ്ധതികൾക്കായി 1.06 ലക്ഷം കോടി, കേന്ദ്രം ധനസഹായം നൽകുന്ന പദ്ധതികൾക്കായി 0.53 ലക്ഷം കോടി.
വിദ്യാഭ്യാസത്തിനും ആരോഗ്യമേഖലക്കും സാമൂഹിക ക്ഷേമത്തിനും ഗ്രാമവികസനത്തിനും വിഹിതം വെട്ടിക്കുറച്ചെന്ന വിമർശനം നിർമല തള്ളി. ഇവക്കുള്ള വിഹിതം 2020 -21 ബജറ്റിലെ 4.16 ലക്ഷം കോടിയിൽനിന്ന് 2025 -26 ബജറ്റിൽ 5.54 ലക്ഷം കോടിയായി വർധിപ്പിച്ചുവെന്നും ചിദംബരത്തിന്റെ കണക്കിനെ ഖണ്ഡിച്ച് നിർമല പറഞ്ഞു. 2024 -25ലെ ബജറ്റിനെ അപേക്ഷിച്ച് 2025 -26ലെ ബജറ്റിൽ സാമൂഹിക ക്ഷേമത്തിന് 56,501 കോടിയിൽനിന്ന് 60,052 കോടിയായും ആരോഗ്യത്തിന് 1.26 ലക്ഷം കോടിയിൽനിന്ന് 1.29 ലക്ഷം കോടിയായും വിദ്യാഭ്യാസത്തിന് 89,807 കോടിയിൽനിന്ന് 98,311 കോടിയായും വർധിപ്പിച്ചെന്നും നിർമല അവകാശപ്പെട്ടു. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിഹിതവും കുറക്കുകയല്ല, 3183 കോടിയിൽനിന്ന് 3350 കോടിയായി വർധിപ്പിക്കുകയാണ് ചെയ്തത്.
അതേസമയം, യു.പി.എ കാലത്ത് എണ്ണ, വളം, എഫ്.സി.ഐ എന്നിവക്ക് വാങ്ങിയ ബോണ്ടുകൾ ഇപ്പോൾ തങ്ങളാണ് തിരിച്ചടക്കുന്നതെന്നും 5936 കോടി രൂപ ഈ കടബാധ്യതയുടെ പലിശയിനത്തിൽ മാത്രം നൽകുകയാണെന്നും നിർമല വ്യക്തമാക്കി.
ബജറ്റിലെ കടുംവെട്ടിൽ ചിദംബരത്തിന് മറുപടിയില്ല
ധനക്കമ്മി കുറക്കാൻ 2024 -25ലെ ബജറ്റിലെ മൂലധന ചെലവിൽ ധനമന്ത്രി നിർമല സീതാരാമൻ കടുംവെട്ട് നടത്തിയെന്ന മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ രാജ്യസഭയിലെ വിമർശനത്തിന് അവർ ലോക്സഭയിൽ മറുപടി നൽകിയില്ല. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വിവിധ ക്ഷേമ പദ്ധതികൾക്കായി ചെലവിടേണ്ട 1,83,569 കോടി രൂപയാണ് നിർമല സീതാരാമൻ വെട്ടിക്കുറച്ചതെന്നും ഇത്രയും ഭീമമായ തോതിൽ മൂലധന ചെലവ് വെട്ടിക്കുറച്ചിട്ടും കേവലം 43,785 കോടി രൂപ മാത്രമാണ് സ്വരൂപിക്കാനായതെന്നും ചിദംബരം പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.