ഇളവു മാനദണ്ഡങ്ങൾ ഇഴകീറി പരിശോധിച്ചു, ശേഷം വധശിക്ഷ ശരിവെച്ചു
text_fieldsകൊച്ചി: നിയമ വിദ്യാർഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് വധശിക്ഷ ശരിവെച്ചത് സുപ്രീംകോടതി നിർദേശിച്ച മാനദണ്ഡങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷം. കൊലപാതകം നടത്തിയ രീതി, അതിനുപിന്നിലെ ലക്ഷ്യം, കുറ്റകൃത്യത്തിലെ സാമൂഹിക തിന്മയും സാമൂഹിക വിരുദ്ധതയും, അതിന്റെ തീവ്രത, ഇരയുടെ വ്യക്തിത്വം തുടങ്ങി വിധി പുനഃപരിശോധനക്ക് പരിഗണിക്കേണ്ട പ്രധാന വശങ്ങളെല്ലാം കോടതി വിലയിരുത്തി. മാച്ചി സിങ്, ബച്ചൻ സിങ് കേസുകളിലെ സുപ്രീംകോടതി നിരീക്ഷണങ്ങളാണ് ഇതിന് ബാധകമാക്കിയത്.
മാനസികമോ വൈകാരികമോ ആയ അസ്വസ്ഥത, സാഹചര്യത്തിന്റെ സമ്മർദം മൂലമുള്ള പ്രകോപനം എന്നിവ പ്രതിക്ക് സംഭവിച്ചിട്ടുണ്ടോയെന്ന് കോടതി പരിശോധിച്ചു. മനഃപരിവർത്തനത്തിനുള്ള സാധ്യതയും വിലയിരുത്തി. പ്രകോപനപരമല്ലാത്തതും മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ചതുമായ കുറ്റകൃത്യങ്ങൾ വധശിക്ഷ ശരിവെക്കാൻ പോന്നതാണ്.
ഇക്കാര്യങ്ങൾ പരിശോധിക്കാൻ വിവിധ കേസുകളിലായി സുപ്രീംകോടതി നിർദേശിച്ച ക്രിമിനൽ ടെസ്റ്റ്, ക്രൈം ടെസ്റ്റ്, അപൂർവങ്ങളിൽ അപൂർവം ടെസ്റ്റ് തുടങ്ങിയവയിലൂടെ ഡിവിഷൻ ബെഞ്ച് കടന്നുപോയി. എന്നാൽ, ബലാത്സംഗ ശ്രമത്തെ സ്വാഭാവികമായി തടഞ്ഞ യുവതിയുടെ പ്രതിരോധത്തിലാണ് പ്രതി പ്രകോപിതനായതും ക്രൂരമായ ആക്രമണം നടത്തിയതെന്നും കോടതിക്ക് ബോധ്യപ്പെട്ടു. സമൂഹ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയുടെ അങ്ങേയറ്റമാണ് ഇയാൾ ചെയ്തത്. അതിനാൽ, ക്രൈം ടെസ്റ്റ് പ്രതിക്ക് എതിരാണെന്ന് രാം നരേഷ്, മുകേഷ് കേസുകളിലെ സുപ്രീംകോടതി വിധികൾ ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ന്യൂഡൽഹി നാഷനൽ നിയമ സർവകലാശാലയിലെ പ്രത്യേക പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന നൂരിയ അന്സാരിയെ ക്രിമിനൽ ടെസ്റ്റിനായി അന്വേഷണത്തിന് നിയോഗിച്ചു. മതിയായതല്ലാത്ത നിയമ സഹായമാണ് പ്രതിക്ക് ലഭിച്ചതെന്നും അതിനാലാണ് പരമാവധി ശിക്ഷ ലഭിക്കാനിടയായതെന്നുമുള്ള റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ശക്തമായ നിയമസഹായം ലഭിച്ചിരുന്നെന്നും ദുർബലമായിരുന്നെങ്കിൽ തന്നെ പ്രതിയുടെ കുറ്റകൃത്യം വെളിപ്പെടാനിടയാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ക്രിമിനൽ പശ്ചാത്തലമില്ല, മോശം സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, പ്രായം കുറവാണ്, കുട്ടിക്കാലത്ത് ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ട്, ജയിലിൽ പരാതിക്കിടയാക്കിയിട്ടില്ല, നന്നായി ജോലിചെയ്യുന്നു തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇതിൽ പലതും വധശിക്ഷ ഇളവുചെയ്യുന്നതിന് മതിയായ കാരണങ്ങളല്ല.
കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലൂടെ സമൂഹത്തിന്റെ കാഴ്ചപ്പാടാണ് അത് അപൂർവങ്ങളിൽ അപൂർവമെന്ന് നിശ്ചയിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത് സമൂഹത്തെ ഞെട്ടിച്ച സംഭവമാണ്. ശരിയായ നീതി നടപ്പാക്കാൻ സമൂഹത്തിന്റെ മുറവിളിയുണ്ടായതുമാണ്. അപൂർവങ്ങളിൽ അപൂർവമെന്ന് ഉറപ്പിക്കാവുന്ന ഇത്തരമൊരു കേസിൽ വധശിക്ഷ സമൂഹം ശരിവെക്കുകതന്നെ ചെയ്യും.
14 വർഷത്തെ ജീവപര്യന്തം മതിയാകാതെ വരികയും മാർഗനിർദേശങ്ങൾ പ്രകാരം വധശിക്ഷ നടപ്പാക്കാനാകാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ജീവിതാവസാനംവരെ ജീവപര്യന്തം നൽകുന്ന ശ്രദ്ധാനന്ദ കേസ് ഇതിൽ ബാധകമാകുമോയെന്നും പരിശോധിച്ചു.
എന്നാൽ, ഒരു തരത്തിലും ശിക്ഷ ഇളവിന് പ്രതി യോഗ്യനല്ലെന്നാണ് കോടതി കണ്ടെത്തിയത്. നൊബേൽ സമ്മാനജേതാവായ റഷ്യൻ സ്വദേശി അലക്സാണ്ടർ സോൾസെനിറ്റ്സണിന്റെ വാചകം പകർത്തിയാണ് വിധിപ്പകർപ്പ് അവസാനിപ്പിക്കുന്നത്. ‘നീതിയെന്നത് മനസ്സാക്ഷിയാണ്. അത് ഒരു വ്യക്തിയുടേതല്ല, മാനവരാശിയുടേതാണ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.