കടലിൽ മറിഞ്ഞ വള്ളം പൊട്ടിപ്പൊളിഞ്ഞ് കരക്കടിഞ്ഞു, രണ്ട് എൻജിൻ നശിച്ചു, ഒന്ന് കാണാനില്ല; 10 ലക്ഷം രൂപയുടെ നഷ്ടം
text_fieldsആറാട്ടുപുഴ: മത്സ്യബന്ധനത്തിനിടെ മറിഞ്ഞ വള്ളം പൊട്ടിപ്പൊളിഞ്ഞ് കരക്കടിഞ്ഞു. തൃക്കുന്നപ്പുഴ പതിയാങ്കര അമൽ ഭവനത്തിൽ മുരളിയുടെ ഉടമസ്ഥതയിലുള്ള ചൈതന്യ എന്ന കാരിയർ വള്ളമാണ് നിലയിൽ ആറാട്ടുപുഴ കാർത്തിക ജങ്ഷൻ ഭാഗത്ത് അടിഞ്ഞത്.
തൃക്കുന്നപ്പുഴ ജങ്ഷന് പടിഞ്ഞാറ് ഞായറാഴ്ച ഉച്ച ഒന്നരയോടെയാണ് കടലിൽ വെച്ച് വള്ളം അപകടത്തിൽപെട്ടത്. ലൈലൻഡ് വള്ളത്തിൽനിന്ന് മീൻ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് മറിയുകയായിരുന്നു.
വള്ളത്തിൽ ഉണ്ടായിരുന്ന ചെറിയഴിക്കൽ സ്വദേശികളായ തൈപ്പറമ്പിൽ ബിനിൽകുമാർ (47), കിരൺ ബാബു (21), പതിയാങ്കര പള്ളിപ്പുരയിൽ മനു (25), അമൽ ഭവനത്തിൽ അമൽ (24) എന്നിവരെ മറൈൻ എൻഫോഴ്സ്മെൻറും മറ്റ് വള്ളങ്ങളും രക്ഷിച്ച് കരക്കെത്തിച്ചു. മണിക്കൂറുകൾ പരിശ്രമിച്ചിട്ടും കമിഴ്ന്നു പോയ വള്ളം നിവർത്താനും കരക്കടുപ്പിക്കാനും കഴിഞ്ഞില്ല. ഒടുവിൽ മൂന്ന് എൻജിനും വള്ളവും ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
ഞായറാഴ്ച രാത്രി 11 മണിയോടെ വള്ളം കടൽഭിത്തിയിലിടിച്ച് പൊട്ടിക്കീറി പല കഷണങ്ങളായി അടിയുകയായിരുന്നു. രണ്ട് എൻജിൻ ഭാഗികമായി നശിച്ച നിലയിൽ വള്ളത്തോടൊപ്പം ലഭിച്ചെങ്കിലും ഉപയോഗശൂന്യമാണ്. ഒരു എൻജിൻ നഷ്ടപ്പെട്ടു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.