കാറ്റിൽ ഉലയാതെ ഇടതുമുന്നണി; അമരത്ത് 'ക്യാപ്റ്റൻ കൂൾ' പിണറായി
text_fieldsസ്വർണക്കടത്ത് വിവാദം, സ്പ്രിംക്ലർ വിവാദം, ലൈഫ് മിഷൻ അഴിമതി, മുന്നാക്കസംവരണം, ബിനീഷ് കോടിയേരി... ഒന്നിന് പിറകേ ഒന്നായി വിവാദങ്ങൾ. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്, എൻ.ഐ.എ, സി.ബി.ഐ, ഇൻകം ടാക്സ്... തെരഞ്ഞെടുപ്പ് അടുക്കുംതോറും പിന്നിൽ നിന്ന് മാറാതെ കേന്ദ്ര ഏജൻസികൾ. എന്നാൽ, കാറ്റിലും കോളിലും പെട്ട് ഉലഞ്ഞൊരു കപ്പൽ സുരക്ഷിതമായി തീരത്തോടടുപ്പിച്ച് നങ്കൂരമിടുന്ന കപ്പിത്താനെ പോലെ ഇടതുമുന്നണിയെ തദ്ദേശതെരഞ്ഞെടുപ്പിന്‍റെ വിജയ തീരത്ത് അടുപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ എതിരാളികളെല്ലാം വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, പ്രളയമായും നിപ്പയായും കോവിഡായും ദുരന്തങ്ങൾ ആവർത്തിച്ചപ്പോഴും ജനങ്ങൾ മുഖ്യമന്ത്രിയിൽ വിശ്വാസമർപ്പിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഈ ജനവിധി എൽ.ഡി.എഫിനും സംസ്ഥാന സർക്കാറിനും നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
കേരളത്തിൽ തെരഞ്ഞെടുപ്പുകളിൽ പതിവായി ആവർത്തിക്കുന്ന ഭരണവിരുദ്ധ വികാരവും, സർക്കാറിനെതിരെ വന്ന വിവാദങ്ങളും, പ്രതിപക്ഷവും കേന്ദ്ര സർക്കാറും നടത്തിയ നിരന്തര ആക്രമണങ്ങളും സംസ്ഥാന സർക്കാറിന്‍റെ ഭരണ നേട്ടങ്ങളെ നിഷ്ഫലമാക്കുമോയെന്നതായിരുന്നു ഈ തെരഞ്ഞെടുപ്പിൽ ഉറ്റുനോക്കിയിരുന്നത്. എന്നാൽ, വിവാദങ്ങൾക്ക് പിറകേ പോകാതെ വികസനങ്ങൾ ഉയർത്തിക്കാട്ടി വോട്ട് തേടുകയെന്ന തന്ത്രം വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്നും പരാജയഭീതിയിലാണെന്നും ആരോപണമുന്നയിച്ചത് പ്രതിപക്ഷ നേതാവാണ്. എന്നാൽ, പരസ്യപ്രചാരണത്തിൽ നിന്ന് മാത്രമേ മുഖ്യമന്ത്രി വിട്ടുനിൽക്കുന്നുള്ളൂവെന്നും മുന്നണിയുടെ നായകൻ മുഖ്യമന്ത്രി തന്നെയാണെന്നും എൽ.ഡി.എഫ് കൺവീനർക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
ഒരു വശത്ത് വികസന നേട്ടങ്ങൾ എണ്ണിപ്പറയുമ്പോഴും മറുവശത്ത് വിവാദങ്ങൾക്കുള്ളിൽ തന്നെയായിരുന്നു ഭരണപക്ഷം. ബിനീഷ് കോടിയേരി വിവാദത്തിൽ ഉൾപ്പെടെ ആകെ പ്രതിസന്ധിയിലായ സി.പി.എമ്മിന് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ സെക്രട്ടറിയെ തന്നെ മാറ്റേണ്ട സാഹചര്യമുണ്ടായി. ചികിത്സാർഥമാണ് ചുമതല മാറ്റമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും വീട് ഉൾപ്പെടെ റെയ്ഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടിയേരിയുടെ സ്ഥാനമാറ്റം ഏറെ ചർച്ചയായി.
സ്വപ്ന സുരേഷും, ശിവശങ്കറും, അവസാന നാളുകളിൽ മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി സി.എം. രവീന്ദ്രൻ ഉൾപ്പെടെ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സർക്കാർ വീണു. എന്നാൽ, ചുറ്റും വിവാദങ്ങൾ നിറയുമ്പോഴും ഒന്നും തന്നെ തൊടാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം മുന്നണിക്കും ഊർജമായെന്ന് ഫലപ്രഖ്യാപനം തെളിയിച്ചു.
കോവിഡ് മഹാമാരി സംസ്ഥാനത്ത് രാഷ്ട്രീയ ആയുധമായി മാറിയപ്പോൾ, അതിനെ സർക്കാറിന്‍റെ വീഴ്ചയായി ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് കഴിയാതെപോയി. അല്ലെങ്കിൽ, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സജീവ കോവിഡ് രോഗികളുള്ള രണ്ടാമത് സംസ്ഥാനമായി മാറിയ കേരളത്തിൽ കോവിഡ് വ്യാപനം ഒരു തെരഞ്ഞെടുപ്പ് വിഷയം ആവാതെ പോകില്ലായിരുന്നു. എന്നാൽ, കോവിഡ് പ്രതിരോധത്തിൽ ആദ്യം കാട്ടിയ ജാഗ്രതയെ ഭരണനേട്ടമായി ഉയർത്തിക്കാട്ടാനും പിന്നീട് വന്ന പാളിച്ചയെ എതിരാളികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റാതിരിക്കാനും സർക്കാർ ഏറെ ശ്രദ്ധചെലുത്തി.
മുഖ്യമന്ത്രിയെന്ന നിലയിൽ, ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനുള്ള അവസരമായി പിണറായി വിജയൻ ഈ കോവിഡ് കാലത്തെ ഫലപ്രദമായി ഉപയോഗിച്ചുവെന്ന് വേണം വിലയിരുത്താൻ. ദിനേനെയുള്ള വാർത്താസമ്മേളനങ്ങൾ അതിൽ ഏറെ നിർണായകമായിട്ടുണ്ട്. പിണറായി എന്ന രാഷ്ട്രീയ നേതാവിന്‍റെ ശരീരഭാഷ തന്നെ മാറ്റിനിർവചിച്ച കാലമായിരുന്നു കോവിഡിന്‍റെ നാളുകൾ. ഗൗരവവും ദേഷ്യവും മാത്രമല്ല, തമാശയും ചിരിയും തനിക്ക് വഴങ്ങുമെന്ന് മുഖ്യമന്ത്രി തെളിയിക്കുകയായിരുന്നു.
കേരളത്തിൽ ഒരു ഭരണമുന്നണിക്ക് നിഷ്പ്രയാസം തോൽക്കാനുള്ളത്രയും വിഷയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നിലവിലുണ്ടായിരുന്നു. എന്നാൽ, വിവാദങ്ങളെ അതിന്‍റെ വഴിക്ക് വിട്ട് മുഖ്യമന്ത്രിയിലും വികസനപ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രം വിജയിച്ചു. ലൈഫ് ഫ്ലാറ്റ് വിവാദം പ്രതിപക്ഷം ഉയർത്തിയപ്പോൾ അതിന്‍റെ ഗുണഭോക്താക്കളെ കുറിച്ചായിരുന്നു എൽ.ഡി.എഫ് പ്രചാരണം. കെഫോൺ പദ്ധതി പ്രതിസന്ധിയിലായപ്പോൾ ആ വിവാദത്തെയും നേട്ടമാക്കാൻ സർക്കാറിന് സാധിച്ചു. സ്വപ്ന സുരേഷും ഉപദേഷ്ടാവ് ശിവശങ്കറും അറസ്റ്റിലായപ്പോൾ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ തൊട്ടില്ലെന്നത് എൽ.ഡി.എഫ് പ്രചാരണായുധമാക്കി. സൗജന്യ ചികിത്സയും റേഷൻ കിറ്റുകളുമൊക്കെ എൽ.ഡിഎഫിന് അനുകൂലമായി വോട്ടൊഴുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഈ തെരഞ്ഞെടുപ്പ് വിജയം എൽ.ഡി.എഫിനെ കുറച്ചൊന്നുമല്ല സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നത്. തുടർച്ചയായ രണ്ടാംവട്ടവും മുഖ്യമന്ത്രിയാകുക എന്നൊരു വലിയ സ്വപ്നം പിണറായി വിജയനെ കൊതിപ്പിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്കകം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ലിറ്റ്മസ് ടെസ്റ്റാവും ഈ തെരഞ്ഞെടുപ്പെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആ പരീക്ഷ ജയിച്ചതിന്‍റെ അത്യാഹ്ലാദത്തോടെയും ആത്മവിശ്വാസത്തോടെയുമാവും അടുത്ത തെരഞ്ഞെടുപ്പിനെ പിണറായി വിജയനും ഇടതുമുന്നണിയും കാത്തിരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.