വാഹനാപകടം: ഇൻഷുറൻസില്ലാത്ത വാഹനം വിട്ടുകിട്ടാൻ ബോണ്ട് മാത്രം പോരാ -ഹൈകോടതി
text_fieldsകൊച്ചി: ഇരക്ക് നഷ്ടപരിഹാരം നൽകാനുള്ള തുക കൂടി കെട്ടിവെച്ചാലേ അപകടത്തിനിടയാക്കിയ ഇൻഷുറൻസില്ലാത്ത വാഹനം തിരിച്ചു നൽകാനാവൂവെന്ന് ഹൈകോടതി. അപകടത്തിൽപെട്ട ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ മതിപ്പ് വിലയ്ക്ക് തുല്യമായ ബോണ്ടു വാങ്ങി വിട്ടുകൊടുക്കാനുള്ള തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവുകൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്.
വാഹനം വിട്ടുനൽകാൻ വാഹനത്തിന്‍റെ വിലയ്ക്ക് തുല്യമായ ബോണ്ട് നൽകിയാൽ മാത്രം പോരെന്ന് വിലയിരുത്തിയ കോടതി ഇതുസംബന്ധിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവുകൾ റദ്ദാക്കി. തുടർന്ന്, വാഹനങ്ങൾ വിട്ടുകിട്ടാനുള്ള അപേക്ഷകൾ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.
ഇത്തരം കേസുകളിൽ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമായ ബോണ്ട് നിഷ്‌കർഷിച്ച് വാഹനം വിട്ടുനൽകാനാണ് കോടതികൾ ഉത്തരവിടുന്നതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഈ ബോണ്ടുകൾ തുകയാക്കി മാറ്റാൻ ഇരകൾ വീണ്ടും നിയമനടപടി സ്വീകരിക്കേണ്ട അവസ്ഥയാണ് ഇതുമൂലമുള്ളതെന്നും വ്യക്തമാക്കി. തുടർന്നാണ് വാഹനം വിട്ടുകിട്ടാൻ നഷ്ടപരിഹാരം നൽകാൻ മതിയായ തുക കാഷ് ഡെപ്പോസിറ്റോ ബാങ്ക് ഗാരന്‍റിയോ സ്ഥിരനിക്ഷേപമോ ആയി കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇൻഷുറൻസുള്ള വാഹനമാണെങ്കിൽ തുക ഇൻഷുറൻസ് കമ്പനിയിൽനിന്ന് എളുപ്പം ലഭിക്കും. മറിച്ചാണെങ്കിൽ തുക കിട്ടാൻ ഏറെ പണിപ്പെടേണ്ടി വരും. വാഹനം വിട്ടുനൽകാൻ പുതിയ ഇൻഷുറൻസ് പോളിസിരേഖ ഹാജരാക്കാൻ നിഷ്കർഷിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.