തിരുവല്ലയിൽ അപകടം വിതച്ച് കാർ; മദ്യലഹരിയിൽ യുവാവ് പിടിയിൽ
text_fieldsതിരുവല്ല: മദ്യലഹരിയില്‍ കാറുമായി പാഞ്ഞ യുവാവ് തിരുവല്ല നഗരത്തില്‍ അപകട പരമ്പര തീര്‍ത്തു. മൂന്ന് കാറുകളിലും മൂന്ന് ബൈക്കുകളിലും ഇടിച്ച് യുവാവ് ഓടിച്ച കാര്‍ അപകടം സൃഷ്ടിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന ചെങ്ങന്നൂർ തിരുവൻവണ്ടൂർ കണ്ടത്തിൽ കളത്തിൽ കെ.സി. ജേക്കബ് (72), ബൈക്കിൽ സഞ്ചരിച്ച തിരുവല്ല ഓതറ ചക്കാലയിൽ വീട്ടിൽ ഷിജിൻ കുര്യൻ (23), ചാത്തങ്കരി ആഞ്ഞിലിമൂട്ടിൽ ഷെറിൻ കുര്യൻ (44) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പിന്നിൽ മുറിവേറ്റ ജേക്കബിനെ ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നരയോടെ തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിലെ മേരിഗിരി അരമനപ്പടിയിലാണ് അപകടം. പെരിങ്ങര കാരയ്ക്കല്‍ വാരിക്കാട്ട് വീട്ടിൽ എബി (34) ആണ് അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കാവുംഭാഗം ദിശയിലേക്ക് പോയ കാര്‍ ആദ്യം മറ്റൊരു കാറില്‍ ഇടിച്ചു. തുടര്‍ന്ന് രണ്ട് ബൈക്കുകളിലും മറ്റൊരു കാറിലും ഇടിച്ചു. ഇവിടെനിന്നും ഇടത്തേക്ക് തിരിഞ്ഞ കാര്‍ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും കാറും ഇടിച്ച് തെറിപ്പിച്ചു. സംസ്ഥാനപാതയുടെ വശത്തെ നടപ്പാതയുടെ സുരക്ഷാവേലിയില്‍ ഇടിച്ചാണ് കാര്‍ നിന്നത്.
ഇടിയേറ്റ രണ്ട് കാറുകളുടെ പിന്‍ചക്രങ്ങള്‍ ഊരിത്തെറിച്ചു. രണ്ട് ബൈക്കുകള്‍ക്കും സാരമായ കേടുപാടുകള്‍ പറ്റി. അപകടത്തിന് ഇടയാക്കിയ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ എബിക്ക് പരിക്കേറ്റില്ല. സംഭവസ്ഥലത്ത് തടിച്ചുകൂടിയവര്‍ എബിയെ കൈയേറ്റം ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിനടക്കം എബിയുടെ പേരില്‍ കേസ് എടുത്തതായി എസ്.എച്ച്.ഒ. അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഈ ഭാഗത്ത് അരമണിക്കൂറോളം ഗതാഗത തടസ്സവും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.