ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്ന് യുവാവ് വെന്തുമരിച്ചു
text_fieldsകൊടുങ്ങല്ലൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീ പടർന്ന് യുവാവിന് ദാരുണാന്ത്യം. പുത്തൻവേലിക്കര ചാത്തേടം തുരുത്തിപ്പുറം പടമാട്ടുമ്മൽ അന്തപ്പെൻറ മകൻ ടൈറ്റസാണ് (46) മരിച്ചത്. തുരുത്തിപ്പുറം സർവിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്.
തിങ്കളാഴ്ച രാവിലെ 9.30ന് കൊടുങ്ങല്ലൂർ ബൈപാസിൽ ഗൗരിശങ്കർ ജങ്ഷന് തെക്ക് സർവിസ് റോഡിലാണ് സംഭവം. രാവിലെ വീട്ടിൽനിന്ന് പുറപ്പെട്ട ടൈറ്റസ് പടാകുളം പെട്രോൾ പമ്പിൽനിന്ന് 80 രൂപക്ക് കുപ്പിയിൽ പെട്രോൾ വാങ്ങിയതായി പറയുന്നു. ഗൗരിശങ്കർ ജങ്ഷൻ കടന്നുവന്ന കാറിൽനിന്ന് തീപടർന്ന് നിയന്ത്രണംവിട്ട് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു.
നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിെച്ചങ്കിലും അതിനകം ടൈറ്റസ് മരിച്ചു. ഫയർഫോഴ്സ് എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കാറിെൻറ ഉൾഭാഗമാണ് മുഖ്യമായും കത്തിയത്. മുൻഭാഗത്തെ ചില്ലും തകർന്നു. മൊബൈൽ ഫോണും ചെരിപ്പും ഉൾപ്പെടെ കത്തിക്കരിഞ്ഞു. സീറ്റിൽ മരിച്ച നിലയിലായിരുന്നു യുവാവ്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റി.
സ്വയം തീ കൊളുത്തിയതാണെന്ന് സംശയമുണ്ടെങ്കിലും വിശദ അന്വേഷണത്തിന് ശേഷമേ തീപിടിത്തത്തിെൻറ കാരണം പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും കാർ പരിശോധിച്ചു. വിദേശത്ത് ജോലി നോക്കിയിരുന്ന ടൈറ്റസ് അടുത്തിടെ നാട്ടിലെത്തി ഡിസൈനിങ് ഉൾപ്പെടെ ജോലികൾ ചെയ്തുവരുകയായിരുന്നു. ജോയിസാണ് ഭാര്യ. മക്കൾ: അനഘ, നിഖിത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.