കാറിനുള്ളിൽ തീ പടർന്നത് ഡാഷ് ബോർഡിൽ നിന്ന്, അപകട കാരണം ഷോട്ട് സർക്യൂട്ട്‍?
text_fieldsകണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ ഷോട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. ഡാഷ്ബോർഡിൽ നിന്ന് തീ പടർന്നതാവാം എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തൽ. സാനിറ്റൈസർ പോലെ പെട്ടെന്ന് തീപിടിക്കാവുന്ന വസ്തുക്കൾ കാറിൽ ഉണ്ടായതായും സംശയിക്കുന്നുണ്ട്.
ബോണറ്റിലേക്കോ പെട്രോൾ ടാങ്കിലേക്കോ തീ പടർന്നിട്ടില്ല. കാറിൽ പ്രത്യേകം ഘടിപ്പിച്ച സൗണ്ട് സിറ്റവും റിവേഴ്സ് കാമറയും ഉൾപ്പെടെയുള്ള അനുബന്ധ സംവിധാനങ്ങൾ തീപിടിത്തത്തിന് കാരണമായി എന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്താനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് വിഭാഗം കാർ പരിശോധിച്ചു.
കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം വ്യാഴാഴ്ച രാവിലെ 11ഓടെയാണ് ദാരുണമായ അപകടം. കുറ്റിയാട്ടൂർ സ്വദേശികളായ കെ.കെ. റീഷ (26), ഭർത്താവ് ടി.വി. പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. പൂർണ ഗർഭിണിയായിരുന്ന റീഷക്ക് പ്രസവ വേദന ഉണ്ടായതിനെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു കുടുംബം. ജില്ല ആശുപത്രിയിലെത്താൻ മിനിറ്റുകൾ മാത്രം അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
കാറിലുണ്ടായിരുന്ന നാലു ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. മുൻ സീറ്റിൽ റീഷയും പ്രജിത്തും പിൻ സീറ്റിൽ ബന്ധുക്കളുമാണ് ഉണ്ടായിരുന്നത്. കാറിന്‍റെ ഡ്രൈവിങ്ങ് സീറ്റിന് സമീപത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. സീറ്റ് ബെൽറ്റഴിച്ച് കാറിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം കിട്ടുന്നതിനു മുമ്പ് തന്നെ രണ്ട് പേരും അഗ്നിക്കിരയായി. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചെങ്കിലും റീഷയും പ്രജിത്തും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.