ബോണറ്റില്‍ യുവാവുമായി കാർ കുതിച്ചു പാഞ്ഞു; ജനം പരിഭ്രാന്തരായി -video
text_fieldsവടകര: ബോണറ്റില്‍ കുടുങ്ങിയ യുവാവിനെയും കൊണ്ട് സഹോദരീഭർത്താവ് നഗരമധ്യത്തിലൂടെ കാര്‍ അതിവേഗം ഓടിച്ചുപോയത് പരിഭ്രാന്തി പരത്തി. വടകര കോടതി പരിസരം മുതല്‍ സെന്‍റ് ആന്‍റണീസ് സ്കൂള്‍ വരെയുള്ള റോഡില്‍ വണ്‍വേ തെറ്റിച്ചാണ് കാര്‍ കുതിച്ച് പാഞ്ഞത്. ബോണറ്റില്‍ അള്ളിപ്പിടിച്ച യുവാവ് സെന്‍റ് ആന്‍റണീസ് സ്കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ തെറിച്ച് വീണു. കുടുംബകോടതിയിലെ തര്‍ക്കമാണ് പ്രശ്നത്തിന് കാരണം.
യുവാവിന്‍റെ സഹോദരിയുടെ ഏഴുവയസ്സുകാരനായ കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ട്. കുട്ടിയുടെ പിതാവ് അരക്കിണർ സ്വദേശി ഷമീമിനാണ് കോടതി ആദ്യം സംരക്ഷണചുമതല നല്‍കിയിരുന്നത്. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് കോടതിയെ സമീപിച്ചു. ഇതില്‍ വിധി പറയുന്നത് കേള്‍ക്കാനാണ് ഷമീമും കുട്ടിയും എത്തിയത്. എന്നാൽ, കോടതി സമയം കഴിഞ്ഞതിനാൽ കേസ് കേൾക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. തുടർന്ന് കുട്ടിയുമായി ഷമീം കാറിൽ കയറി. പോകാൻ നേരം അമ്മാവന്‍ അജൂം കാർ തടഞ്ഞു. ഇയാളെ ഇടിച്ച് വാഹനം മുന്നോട്ടെടുത്തു. ബോണറ്റിന് മുകളിൽ കുടുങ്ങിയ അജൂമുമായി നഗരത്തിലൂടെ കാർ കുതിച്ചുപായുകയായിരുന്നു.
അരകിലോമീറ്ററോളം പിന്നിട്ട ശേഷം സെന്‍റ് ആന്‍റണീസ് സ്കൂള്ളിന് സമീപം ബോണറ്റില്‍ നിന്ന് ഇയാള്‍ താഴെ വീണു. കാർ ഓടിച്ചുപേവുകയും ചെയ്തു. പരിക്കേറ്റ യുവാവ് വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.