പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച കാറുമായി മുങ്ങി; സാഹസികമായി പിന്തുടർന്ന് പൊക്കി
text_fieldsഅങ്കമാലി: വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ച കാർ, വിൽപന സംഘാംഗം രാത്രി എടുത്തുകൊണ്ടുപോയി. ഇയാളെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. മലപ്പുറം തിരുനാവായ അനന്തപുരം ചാലമ്പാട്ട് വീട്ടിൽ സിറാജുദ്ദീനാണ് (43) അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 10നാണ് സംഭവം. രണ്ട് ദിവസം മുമ്പ് അങ്കമാലി എം.സി റോഡിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാറാണ് ‘സ്പെയർ കീ’ ഉപയോഗിച്ച് സിറാജുദ്ദീൻ എടുത്തുകൊണ്ടുപോയത്. പൊലീസ് നോക്കി നിൽക്കെയാണ് സ്റ്റേഷൻ വളപ്പിലെ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്ന ഏരിയയിൽ നിന്ന് സിറാജുദ്ദീൻ വാഹനം സ്റ്റാർട്ടാക്കിയത്. പൊലീസ് അടുത്തെത്തി കാര്യം അന്വേഷിച്ചപ്പോഴേക്കും കേസ് നടപടി പൂർത്തിയായതിനാൽ കൊണ്ടുപോകുന്നതാണെന്നും പറഞ്ഞ് കാർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നുവത്രെ.
അപ്പോൾ തന്നെ പൊലീസ് വാഹനവും മിന്നൽ വേഗത്തിൽ പിന്നാലെ പാഞ്ഞു. കിലോമീറ്ററുകളോളം പിന്തുടർന്നെങ്കിലും ദേശീയപാതയിലെ പുതുക്കാട് കവലയിൽനിന്ന് ഇടറോഡിലൂടെ രക്ഷപ്പെട്ടു. അതോടെ പുതുക്കാട് പൊലീസിന്‍റെ സഹായത്തോടെ ഒരുമണിക്കൂറോളം തെരച്ചിൽ നടത്തിയാണ് യുവാവിനെ വാഹനവുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാർ വിൽക്കുന്നത് സംബന്ധിച്ച് തമിഴ്നാട് സ്വദേശികളുമായുണ്ടായ തർക്കത്തെ തുടർന്നാണ് അങ്കമാലി പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തത്.
ഇതേക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
കുറെക്കാലം മുമ്പ് സ്വിഫ്റ്റ് കാർ വിൽക്കാനുണ്ടെന്ന പരസ്യം ഓൺലൈനിൽക്കണ്ട് തമിഴ്നാട് സ്വദേശികൾ കേരളത്തിലെത്തുകയും രണ്ടേകാൽ ലക്ഷത്തിന് വാഹനം വാങ്ങിക്കൊണ്ടുപോവുകയും ചെയ്തു. ബാക്കി തുക നൽകുമ്പോൾ ഉടമസ്ഥാവകാശം മാറ്റാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ തമിഴ്നാട്ടിൽനിന്ന് വാഹനം മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട പണമിടപാട് പൂർത്തിയാക്കിയിരുന്നില്ല.
അതിനിടെ അടുത്തകാലത്ത് ഇന്നോവ വിൽക്കാനുണ്ടെന്ന പരസ്യവും ഒൺലൈനിൽ നൽകി. അതോടെ തമിഴ്നാട് സ്വദേശികൾ വീണ്ടും ബന്ധപ്പെട്ടുവത്രെ. എം.സി റോഡിൽ വാഹനവുമായി വിൽപന സംഘമെത്തി. ഇരുകൂട്ടരും നേരത്തെ സ്വിഫ്റ്റ് കാർ കൊടുത്തവരും വാങ്ങിയവരുമായ സംഘങ്ങളായിരുന്നു. ഇരുസംഘവും തമ്മിൽ തർക്കവും ബഹളവും മൂത്തു. അതോടെയാണ് സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്. ഒടുവിൽ വാഹനം കസ്റ്റഡിയിലെടുക്കുകയും ഇരു സംഘങ്ങളെയും സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു.
രണ്ടുദിവസം മുമ്പുണ്ടായ തർക്കവും പരാതിയും പൂർത്തിയാക്കുകയോ ഒത്തു തീർപ്പാക്കുകയോ ചെയ്തിരുന്നില്ല. അതിനിടെയാണ് സ്റ്റേഷൻവളപ്പിലുണ്ടായിരുന്ന കാർ വിൽപന സംഘാംഗമായ സിറാജുദ്ദീൻ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചതത്രെ. ഇൻസ്പെക്ടർ പി. ലാൽ കുമാർ, എസ്.ഐ എൻ.എസ്. റോയി, സി.പി.ഒ അജിത തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.