കാർ തട്ടിയെടുത്ത കേസ്; തമിഴ്നാട് സ്വദേശികൾ പിടിയിൽ
text_fieldsബാലരാമപുരം: ഉടമയെ കബളിപ്പിച്ച് കാർ തട്ടിയെടുത്ത തമിഴ്നാട് സ്വദേശികൾ ബാലരാമപുരം പൊലീസ് പിടിയിൽ. തമിഴ്നാട് കന്യാകുമാരി ജില്ലയിൽ കൽക്കുളം കാട്ടാത്തുറ കുട്ടക്കുഴി പുതുവീട്ടുവിളവീട്ടിൽ ഏഴിൽ ദാസ് (40), അഴകിയമണ്ഡപം ആറ്റൂർ തോട്ടവാരം മൂവാറ്റുമുഖത്ത് മെൽബിൻ (37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 17നായിരുന്നു സംഭവം. മണക്കാട് കുര്യാത്തി ടി.സി 39/1592 ൽ കമ്പിക്കകം പണയിൽ വീട്ടിൽ കാർത്തിക്കിന്റെ കാറാണ് തട്ടിയെടുത്ത് കടന്നത്. ഇദ്ദേഹം കാർ വിൽപനയുമായി ബന്ധപ്പെട്ട് ഒ.എൽ.എക്സിൽ പരസ്യം നൽകിയതിനെ തുടർന്ന് യുവാക്കൾ കാർ വാങ്ങാനെന്ന വ്യാജേന ബാലരാമപുരം സൂര്യ റസ്റ്റാറൻറിന് മുന്നിൽ കൂടിക്കാഴ്ചക്ക് എത്തുകയായിരുന്നു.
ഏറെ നേരം സംസാരിച്ചശേഷം മെൽബിനും ഏഴിൽ ദാസും കാർ കാണണമെന്ന് ആവശ്യപ്പെട്ട് താക്കോൽ വാങ്ങി. തൊട്ടടുത്ത എ.ടി.എമ്മിൽ നിന്ന് 60,000 രൂപ എടുത്ത് തരാമെന്ന് പറഞ്ഞ് പോയി. തിരികെ വന്ന് എ.ടി.എമ്മിൽ പൈസയില്ലെന്നും ഇടപാട് ഉറപ്പിക്കാമെന്നുംപറഞ്ഞ് ഇരുവരും ചേർന്ന് കാർത്തിക്കിനെ കളിയിക്കാവിളയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
തുടർന്ന് കളിയിക്കാവിളക്ക് സമീപം കാർത്തിക്കിനെ ഒറ്റക്കാക്കി യുവാക്കൾ കടന്നുകളയുകയായിരുന്നു. തിരികെ സൂര്യ റസ്റ്റാറൻറിന് മുന്നിലെത്തി കാർ കാണാത്തതിനെ തുടർന്ന് തിരക്കിയപ്പോൾ രണ്ട് മണിയോടെ ഒരാൾ കാർ കൊണ്ടുപോയതായി സെക്യൂരിറ്റി ജീവനക്കാരൻ പറയുകയായിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസിൽ പരാതി നൽകി.
റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദേശാനുസരണം നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണികുട്ടൻ, ബാലരാമപുരം എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ്, ബാലരാമപുരം എസ്.ഐ ജ്യോതിസുധാകർ, സി.പി.ഒമാരായ പത്മകുമാർ, അരുൺ, ഉല്ലാസ്, ഷെറിൻ രാജ് എന്നിവർ സൈബർ സെല്ലിന്റെ സഹായത്തോടെ നിരവധി ഫോൺ കാളുകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.