കാര്‍ഡമം ഹില്‍ റിസർവിൽ: കേന്ദ്രാനുമതി ലഭിച്ച ഭൂമിയിലെ കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം : കാര്‍ഡമം ഹില്‍ റിസർവിൽ ഭൂമി പതിച്ചു നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ച ഭുമിയുടെ പ്രത്യേക പട്ടിക ഉടൻ ലഭ്യമാക്കി ലാന്‍റ് രജിസ്റ്ററില്‍ ചട്ടം രണ്ട് (എഫ്) പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കുന്ന കൈവശങ്ങള്‍ക്ക് പട്ടയം അനുവദിക്കാൻ തീരുമാനം. 20384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ കേന്ദ്രാനുമതിയുള്ളത്. ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും ഇടുക്ക് കലക്ടറും കെ.എസ്.ഇ. ബിയും ചേർന്ന് തീരുമാനമെടുക്കും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.
ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍,
-ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍,
-ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ്, ഇരട്ടയാര്‍ ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കൽ,
-ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്‍റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍,
-ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്‍റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകൾ,
-ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകള്‍,
-ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഏതാണ്ട് 1500 അപേക്ഷകള്‍,
- ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) അനുവദിക്കല്‍, -ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍ എന്നീ വിഷയങ്ങളിൽ ഉടനെ തീരുമാനമെടുക്കാൻ യോഗം നിശ്ചയിച്ചു.
ഇതിനായി റവന്യൂ, വനം വകുപ്പുകളും കെ.എസ്.ഇ.ബിയും കലക്ടറും സംയുക്തമായി ഇടപെടും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകി. ആനവിലാസം വില്ലേജിനെ എന്‍.ഒ.സി വേണമെന്ന നിബന്ധനയില്‍ നിന്ന് ഒഴിവാക്കുന്നതിന് ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും.
പട്ടയ ഭൂമിയിൽ നിന്ന് ഉടമസ്ഥർക്ക് മരം മുറിക്കാൻ കഴിയാത്ത അവസ്ഥ പരിശോധിക്കാൻ റവന്യു, വനം മന്ത്രിമാർ യോഗം ചേരും. ഇത് സംബന്ധിച്ച് നിരവധി കർഷകരുടെ പരാതികൾ വനം വകുപ്പിന് ലഭിച്ചിരുന്നു. ജില്ലയിൽ ഉയർന്നിട്ടുള്ള ഇത്തരം എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ റവന്യു മന്ത്രി കെ രാജൻ, വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ വി.പി ജോയി, അഡ്വക്കറ്റ് ജനറൽ കെ .ഗോപാല കൃഷ്ണ കുറുപ്പ് എന്നിവരും വകുപ്പ് സെക്രട്ടറിമാരും വനം വകുപ്പ് മേധാവി ഉൾപ്പെടെയുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.