Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏലം വാടുന്ന കാലം

ഏലം വാടുന്ന കാലം

text_fields
bookmark_border
ഏലം വാടുന്ന കാലം
cancel
Listen to this Article

ഇടുക്കി: രണ്ടുവർഷത്തിനിടെ വില കിലോഗ്രാമിന് 7000ൽനിന്ന് 700 ലേക്ക് കൂപ്പുകുത്തിയതോടെ ഏല കൃഷിയും വ്യാപാരവും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. വില ഉയരുമെന്ന പ്രതീഷയിൽ ഏലക്ക വിൽക്കാതെ സ്റ്റോക്ക് ചെയ്ത കർഷകർക്കും വ്യാപാരികൾക്കും കോടികളുടെ നഷ്ടമാണ് ഉണ്ടായത്. വൻതോതിൽ ഏലക്ക സ്റ്റോക്ക് ചെയ്ത പല വ്യാപാരികളും കടക്കെണിയിലാണ്.

ചെറുകിട വ്യാപാരികളിൽ പലരും വ്യാപാരം നിർത്തി. സ്റ്റോക്ക് ചെയ്ത ഏലക്ക വിൽക്കാൻ കഴിയാതെ വിഷമിക്കുന്ന കർഷകർക്ക് ഇനി അധികദിവസം പിടിച്ചുനിൽക്കാനാവില്ല. ഏലത്തിന്റെ ഗുണനിലവാരവും കളറും നഷ്ടപ്പെടുമെന്നതിനാൽ എത്ര നഷ്ടം വന്നാലും ഏലക്ക വിറ്റഴിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ്. ഇതിനിടെ പുതിയൊരു വിളവെടുപ്പ് സീസൺകൂടി ആരംഭിച്ചതോടെ വിപണിയിൽ ഏലത്തിന്റെ വരവ് കുടും. ഇതോടെ ഇപ്പോൾ ലഭിക്കുന്ന വിലപോലും ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകുക.

വിദേശ രാജ്യങ്ങളിലേക്കുള്ള ഏലത്തിന്റെ കയറ്റുമതി കുത്തനെ ഇടിഞ്ഞതാണ് വിലയിടിവിന് പ്രധാന കാരണം.കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന പേരിൽ ചില രാജ്യങ്ങൾ കയറ്റിയയച്ച ഇന്ത്യൻ കാർഡമം തിരിച്ചയച്ചു. ഇതോടെ ആഭ്യന്തര മാർക്കറ്റിലും വില കുത്തനെ താഴ്ന്നു. ഗോട്ടിമാലക്ക് പിന്നാലെ പല ആഫ്രിക്കൻ രാജ്യങ്ങളിലും ഏലകൃഷി സജീവമായത് ഇന്ത്യൻ ഏലത്തിന് ഉയർത്തുന്ന ഭീഷണി ചെറുതല്ല.

സ്‌പൈസസ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ലേലത്തിന് കടുത്ത ഭീഷണിയായി സ്വകാര്യ കമ്പനികളുടെ ഓൺലൈൻ ലേലം കൂടി ആരംഭിച്ചതോടെ വിപണിയിലും ഏലം തിരിച്ചടി നേരിടുകയാണ്.ഗുണനിലവാരവും പരിശോധനയും ഇല്ലാതെ ആർക്കും യഥേഷ്ടം ഏലക്ക വിപണിയിൽ വിൽക്കാമെന്ന സ്ഥിതിയാണ്. ഇതിനെതിരെ നടപടി എടുക്കേണ്ട സ്‌പൈസസ് ബോർഡാകട്ടെ, കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നയങ്ങൾ മൂലം തങ്ങൾ നിസ്സഹായ അവസ്ഥയിലാണെന്നാണ് ചൂണ്ടിക്കാട്ടുന്നു.

കൃഷിപരിപാലന ചെലവും തൊഴിലാളികളുടെ കൂലിയും വർധിച്ചതോടെ കിലോഗ്രാമിന് കുറഞ്ഞത് 2000 രൂപയെങ്കിലും വില ലഭിച്ചില്ലെങ്കിൽ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ് കർഷകർ. കാലവർഷത്തിൽ ഏലകൃഷി വ്യാപകമായി നശിച്ചതും അഴുകൽ രോഗബാധയും കായ് പൊഴിച്ചിലും കൃഷിക്ക് നാശമുണ്ടാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ ഉയർച്ചക്ക് കാരണമായിട്ടുണ്ടെങ്കിലും ഈ വർഷം പൊതുവെ വിളവ് വർധിക്കുമെന്നാണ് തോട്ടം മേഖലയിൽനിന്നുള്ള സൂചനകൾ.

സുഗന്ധം നഷ്ടപ്പെടുന്ന സുഗന്ധറാണി

ലോകത്തിലെ ഏലക്ക വ്യാപാരത്തിന്റെ കുത്തകയുണ്ടായിരുന്ന വണ്ടന്മേട്ടിൽ 35വർഷം മുമ്പ് ഏലത്തിന് ലഭിച്ചിരുന്ന അതേ വിലയാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് പറഞ്ഞാൽ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. ഉൽപാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാൽ കുറഞ്ഞത് കിലോഗ്രാമിന് 2000 രൂപയെങ്കിലും ലഭിച്ചെങ്കിലേ കൃഷി ആദായകരമായി മുന്നോട്ടുകൊണ്ടുപോകാനാകൂ. വളം-കീടനാശിനി വില ഇരട്ടിയായതോടെപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്.

ഏലത്തിന്റെ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. 2017ൽ 5000 മെട്രിക് ടണ്ണിന് മുകളിൽ ഏലക്ക വിദേശ വിപണിയിലേക്ക് കയറ്റിയയച്ചിരുന്നു.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതോടെ 2019-20ൽ ഇത് 2000 മെട്രിക് ടണ്ണിൽ താഴെയായി കുറഞ്ഞു. 2021ൽ 6500 ടൺ കയറ്റിയയക്കാൻ സാധിക്കുമെന്നായിരുന്നു സ്പൈസസ് ബോർഡിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇതിന്റെ പകുതിപോലും കയറ്റിയയക്കാൻ കഴിഞ്ഞില്ല.

കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ

ഹൈറേഞ്ചിലെ ഒട്ടുമിക്ക വ്യാപാരികളുടെയും ഏലം കർഷകരുടെയും പക്കൽ ധാരാളം ഏലക്ക ഇപ്പോൾ സ്റ്റോക്കുണ്ട്‌. വില ഉയരുമെന്ന പ്രതീക്ഷയിൽ സൂക്ഷിച്ചുവെച്ചതാണ്. മാർക്കറ്റിൽ ശരാശരി 1600 രൂപ വിലലഭിച്ച സമയത്ത് വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിച്ചു.

സ്റ്റോക്കുള്ളതിനാൽ വിപണിയിൽ ഏലക്കയുടെ ഡിമാൻഡ് കൂടാനുള്ള സാധ്യത വിരളമാണ്. ഇതോടൊപ്പം പുതിയ വിളവെടുപ്പ് സീസണിൽ എത്തുന്ന ഏലക്കകൂടി ചേരുമ്പോൾ അടുത്ത കാലത്തൊന്നും വില വർധിക്കാനിടയില്ലെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cardamom
News Summary - Cardamom wilting season
Next Story