റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവം; ചിന്നക്കനാൽ കൈയേറ്റം ഒഴിപ്പിക്കൽ വൈകും
text_fieldsമൂന്നാർ: ചിന്നക്കനാൽ വില്ലേജിലെ 301 കോളനി, പന്തടിക്കളം, സിങ്കുകണ്ടം എന്നിവിടങ്ങളിലെ ആദിവാസി പുനരധിവാസ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കൽ വൈകും. ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാൻ സെപ്റ്റംബർ 25 നാണ് കലക്ടർ ഷീബ ജോർജ് ഉത്തരവിട്ടത്. മൂന്ന് മേഖലകളിലായി നാൽപതോളം ഏക്കർ ഭൂമി വൻകിടക്കാർ കൈവശപ്പെടുത്തിയെന്നാണ് കണക്ക്. മുഴുവൻ കൈയേറ്റവും ഒരുമിച്ച് ഒഴിപ്പിച്ച് നടപടി എടുക്കാനായിരുന്നു നിർദേശം.
ഈ മാസം ആദ്യം തന്നെ ഒഴിപ്പിക്കൽ ആരംഭിക്കുമെന്നും നെടുംകണ്ടം ഭൂമി പതിവ് തഹസിൽദാർക്ക് ചുമതല നൽകിയതായും അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടി ആരംഭിച്ചിട്ടില്ല. കൈയേറ്റക്കാർ സംഘടിതരാണെന്നും ആക്രമണം മുതൽ ആത്മഹത്യശ്രമം വരെ ഉണ്ടാകുമെന്നും കരുതിയാണ് റവന്യൂ ഉദ്യോഗസ്ഥർ നടപടിക്ക് വൈകുന്നതെന്നാണ് സൂചന. പൊലീസിെൻറ പൂർണ സഹകരണം ഉറപ്പാക്കിയിട്ട് മതി ഒഴിപ്പിക്കലെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും ഉദ്യോഗസ്ഥരിൽ ചിലർ കൈയേറ്റക്കാരെ സഹായിക്കുന്നതായും ആരോപണമുണ്ട്.
തഹസിൽദാർ ചിന്നക്കനാൽ വില്ലേജ് ഓഫിസർക്ക് ഒഴിപ്പിക്കാനുള്ള നിർദേശം ആദ്യം നൽകേണ്ടതുണ്ട്. ഇതനുസരിച്ച് വില്ലേജ് ഓഫിസർ ജില്ല പൊലീസ് മേധാവിക്ക് പൊലീസ് സുരക്ഷ അഭ്യർഥിച്ച് കത്ത് നൽകണം. ഇതിെൻറ റിപ്പോർട്ട് വാങ്ങിയ ശേഷം സുരക്ഷ അനുവദിച്ച് ഉത്തരവിറങ്ങണം. ഇതിനുശേഷം തീയതി തീരുമാനിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ച് വേണം ഒഴിപ്പിക്കൽ നടപ്പാക്കേണ്ടത്. ഇത്രയും നടപടികളിൽ ഒന്നുപോലും ഇതുവരെ ആരംഭിച്ചിട്ടില്ല.
ആദിവാസി ഭൂസമരത്തെ തുടർന്ന് 2001ൽ അനുവദിച്ച 301 കോളനിയിലും പന്തടിക്കളത്തിലുമാണ് കൈയേറ്റം കൂടുതൽ. കാട്ടാന ശല്യത്തെ തുടർന്ന് 250ലധികം ആദിവാസി ഭൂവുടമകളും േപ്ലാട്ടുകൾ ഉപേക്ഷിച്ചിടത്താണ് കൈയേറ്റം ഏറ്റവും കൂടുതൽ. ആദിവാസികളുടെ ഭൂമി കൈയേറി ഏലം, കാപ്പി, റബർ എന്നിവയാണ് ചില വൻകിടക്കാർ കൃഷി ചെയ്യുന്നത്. ഇത് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.