അശ്രദ്ധ: നിരത്തുകൾ മരണക്കെണി
text_fieldsകൊച്ചി: സംസ്ഥാനത്തെ റോഡപകടങ്ങളിൽ ഭൂരിഭാഗവും ഡ്രൈവർമാരുടെ അശ്രദ്ധമൂലമെന്ന് റിപ്പോർട്ട്. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. 2018 മുതൽ 2022 വരെയുള്ള റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്ക് വെച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളിൽ 67 ശതമാനവും ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണെന്നാണ് കണ്ടെത്തൽ. ഇതുമൂലം പൊലിഞ്ഞത് 19,460 ജീവനാണ്. റോഡപകടങ്ങൾക്ക് ഇരയാകുന്നവരിൽ ഭൂരിഭാഗവും (60.05 ശതമാനം) 18-45 പ്രായപരിധിയിലുള്ളവരാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ട് ചെയ്ത 1,86,375 വാഹനാപകടത്തിൽ 97,966 എണ്ണവും ഡ്രൈവർമാരുടെ അശ്രദ്ധമൂലമാണ്. യാത്രക്കാരുടെ അപാകത-109, മോശം കാലാവസ്ഥ-70, മോശം റോഡ്-220, സാങ്കേതിക പ്രശ്നം-142, കാൽനടക്കാരുടെ അപാകത-221, മദ്യപിച്ചുള്ള ഡ്രൈവിങ്-429, മൊബൈൽ ഫോൺ ഉപയോഗം-124 എന്നിങ്ങനെയാണ് മറ്റ് അപകട കാരണങ്ങൾ. ആകെയുണ്ടായ 1,86,375 അപകടത്തിൽ 2,28,003 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റോഡ് അപകടങ്ങൾക്ക് ഇരയായവരിൽ ബഹുഭൂരിപക്ഷവും ഇരുചക്രവാഹന യാത്രികരാണ്. 76,734 അപകടത്തിലായി 7733 ഇരുചക്രവാഹന യാത്രികർ മരിച്ചു. 53,519 കാർ അപകടത്തിൽ 4180 ജീവനാണ് റോഡുകളിൽ പൊലിഞ്ഞത്. ആകെ അപകടങ്ങളുടെ 41 ശതമാനവും ഇരുചക്ര വാഹനങ്ങൾമൂലവും 28 ശതമാനം കാറുകൾ മൂലവുമാണ്.
17,239 അപകടമുണ്ടായ എറണാകുളം റൂറൽ ജില്ലയാണ് ഇക്കാലയളിൽ റോഡ് അപകടത്തിൽ മുന്നിൽ. എന്നാൽ, 2411 പേർ മരിച്ച തിരുവനന്തപുരം ജില്ലയാണ് മരണനിരക്കിൽ മുന്നിൽ. റോഡിൽ 2197 ജീവൻ പൊലിഞ്ഞ എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 3102 അപകടത്തിൽ 321 പേർ മരിച്ച വയനാട് ജില്ലയിലാണ് ഇക്കാലയളവിൽ വാഹനാപകടങ്ങൾ കുറവ്.
വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് വൈകീട്ട് ആറിനും രാത്രി പത്തിനും ഇടയിലാണ്. ശരാശരി കണക്കിൽ വാഹനാപകടങ്ങൾ ഏറ്റവും കൂടുതലുണ്ടാകുന്നത് ജനുവരിയിലാണെന്നും (10.20 ശതമാനം), കുറവ് ആഗസ്റ്റിലുമാണെന്നുമാണ് (7.21 ശതമാനം) റിപ്പോർട്ടിലെ കണ്ടെത്തൽ.
കെ.എസ്.ആർ.ടി.സി ബസുകൾമൂലം 2897 അപകടത്തിൽ 590 മരണവും സ്വകാര്യ ബസുകളുൾപ്പെട്ട 9695 അപകടത്തിൽ 1328 മരണവും ഭാരവണ്ടികളുൾപ്പെട്ട 5686 അപകടത്തിൽ 618 മരണവും ഹെവി വാഹനങ്ങളുൾപ്പെട്ട 17,242 അപകടത്തിൽ 3191 മരണവും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.