കാർമൽ വില്ല; സ്ഥലം വിട്ടുനൽകില്ല; പുനരധിവാസം അനുവദിക്കും
text_fieldsകോട്ടയം: വടവാതൂർ മാലിന്യകേന്ദ്രത്തിനു സമീപം കാർമൽ വില്ലയിലെ 11 കുടുംബങ്ങൾക്ക് അടുത്ത സാമ്പത്തിക വർഷം പ്രൊജക്ടിലുൾപ്പെടുത്തി പുനരധിവാസം നൽകാൻ കൗൺസിൽ തീരുമാനം.
കാർമൽ വില്ല സ്ഥിതി ചെയ്യുന്ന സ്ഥലം കുടുംബങ്ങൾക്ക് വിട്ടുനൽകാനാവില്ലെന്നും നഗരസഭക്ക് ഭാവിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണെന്നും കൗൺസിൽ വ്യക്തമാക്കി.
ഇവിടെ താമസിക്കുന്ന കുടുംബങ്ങളെ അടിയന്തരമായി മാറ്റിപാർപ്പിക്കാൻ ആവശ്യപ്പെട്ട് കലക്ടർ നഗരസഭക്ക് കത്ത് നൽകിയിരുന്നു.
ഇത് പരിഗണിക്കുകയായിരുന്നു യോഗം. തങ്ങൾക്ക് സ്ഥലത്തിന് പട്ടയം നൽകുകയോ പുതിയ സ്ഥലത്ത് വീട് അനുവദിക്കുകയോ ചെയ്യണമെന്നാണ് കാർമൽ വില്ലയിലെ അന്തേവാസികളുടെ ആവശ്യം. വിജയപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലം നഗരസഭയുടെ ഉടമസ്ഥതയിലാണ്. നഗരസഭ സ്ഥലം വിട്ടുനൽകാൻ തയാറായാൽ മാത്രമേ പട്ടയം അനുവദിക്കാനാവൂ. എന്നാൽ നഗരസഭ അതിനു തയാറല്ല.
ഖരമാലിന്യപ്ലാന്റ് സ്ഥാപിക്കാൻ ഈ സ്ഥലം വേണമെന്നാണ് നഗരസഭയുടെ വാദം. 2020ൽ നഗരസഭ ഇവർക്ക് കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകിയിരുന്നു. ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി നൽകി തെളിവെടുപ്പ് നടത്തിയെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കൈവിടില്ലെന്നുറപ്പിച്ചാണ് നഗരസഭയുടെ നീക്കം. മാലിന്യകേന്ദ്രത്തിലെ തൊഴിലാളികളെ താമസിപ്പിക്കാനായാണ് സമീപം 11 വീടുകൾ നഗരസഭ നിർമിച്ചത്.
ഇവർ ഒഴിഞ്ഞുപോയപ്പോൾ 1982ൽ മൗണ്ട് കാർമൽ കോൺവെന്റിലെ അഗതികളെ പാർപ്പിക്കാൻ സ്ഥലം നൽകി. അന്നുമുതലാണ് ഇത് കാർമൽ വില്ലയായത്. ഒറ്റക്കെട്ടിടത്തിൽ രണ്ടുവീടുകളായാണ് നിർമിതി.
കാലപ്പഴക്കം വന്നതിനാൽ പല വീടുകളും ഇടിഞ്ഞുപൊളിഞ്ഞു. ചോർന്നൊലിക്കുന്ന വീടുകളിൽ അടിസ്ഥാനസൗകര്യങ്ങളില്ല. ഒരു വീട്ടിലെ കക്കൂസ് പൈപ്പ് കേടായാൽ എല്ലാ വീടുകളും പ്രതിന്ധിയിലാകും. കിണറില്ല, പൈപ്പുവെള്ളമാണ് ആശ്രയം. കുടിവെള്ളം സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നെടുക്കും. പകുതിയിലേറെ തകർന്ന വീടുകളിൽ 40 വർഷത്തിലേറെയായി നിവൃത്തികേടുകൊണ്ടു മാത്രം കഴിയുകയാണ് ഈ മനുഷ്യർ.
പകുതിയിലേറെ തകർന്ന വീടുകളിൽ നിസ്സഹായരായ മനുഷ്യർ...
തങ്ങൾക്ക് സ്ഥലത്തിന് പട്ടയം നൽകുകയോ പുതിയ സ്ഥലത്ത് വീട് അനുവദിക്കുകയോ ചെയ്യണമെന്നാണ് കാർമൽ വില്ലയിലെ അന്തേവാസികളുടെ ആവശ്യം. കാലപ്പഴക്കം വന്നതിനാൽ പല വീടുകളും ഇടിഞ്ഞുപൊളിഞ്ഞു. ചോർന്നൊലിക്കുന്ന വീടുകളിൽ അടിസ്ഥാനസൗകര്യങ്ങളില്ല. ഒരു വീട്ടിലെ കക്കൂസ് പൈപ്പ് കേടായാൽ എല്ലാ വീടുകളും പ്രതിന്ധിയിലാകും. കിണറില്ല, പൈപ്പുവെള്ളമാണ് ആശ്രയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.