കർണാടക സംഗീതജ്ഞൻ മങ്ങാട് കെ. നടേശൻ നിര്യാതനായി
text_fieldsതൃശൂർ: പ്രസിദ്ധ കർണാടക സംഗീതജ്ഞൻ മങ്ങാട് കെ. നടേശൻ (90) നിര്യാതനായി. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം മങ്ങാട് സ്വദേശിയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു.
തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ അടക്കമുള്ള ഗുരുനാഥന്മാരിൽനിന്ന് സംഗീതമഭ്യസിച്ചു. ആകാശവാണിയിൽ ജോലി ലഭിച്ചതോടെയാണ് തൃശൂരിൽ താമസമാക്കിയത്. ആകാശവാണിയുടെ ദേശീയ സംഗീത പരിപാടിയിലടക്കം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
2016ൽ സംസ്ഥാന സർക്കാർ സ്വാതി സംഗീത പുരസ്കാരം നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കലാരത്ന ഫെലോഷിപ്, സംഗീതകല ആചാര്യ പുരസ്കാരം, കേരള സംഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മങ്ങാട് നടേശനും സുധാവർമയും ചേർന്നുള്ള ആകാശവാണിയിലെ കർണാടക സംഗീതപാഠം വളരെ ജനപ്രിയമായിരുന്നു. ഭാര്യ: നിർമല. മക്കൾ: ഡോ. മിനി, പ്രിയ, പ്രിയദർശിനി. മരുമക്കൾ: സജിത്ത്, സുനിൽ, സുനിൽ. പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.