ഉപ്പായി മാപ്ലയുടെ സൃഷ്ടാവിന് പ്രണാമം; കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു
text_fieldsകോട്ടയം: കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് ( എ.വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളി വായനക്കാർക്കിടയിലെ ജനപ്രിയ കാർട്ടൂൺ കഥാപാത്രമാണ് ഉപ്പായി മാപ്ല. പല രൂപത്തിലും ഭാവത്തിലും ഉപ്പായി മാപ്ലയെ പലരും അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കഥാപാത്രത്തിന്‍റെ സൃഷ്ടാവിനെ പറ്റി അധികമാർക്കും അറിയില്ല.
മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോർജ് കുമ്പനാടാണ്. തലയിൽ നാല് മുടി നീട്ടി വളർത്തിയ നർമ്മം ചാലിച്ച് വായനക്കാരന്‍റെ മനസിൽ കടന്നുകൂടിയ ഉപ്പായി മാപ്ല.1980കളിലാണ് ഉപ്പായി മാപ്ല മലയാളിക്ക് സുപരിചിതമായി തുടങ്ങിയത്.
കേരള ധ്വനിയിൽ ജോർജ് വരച്ച ഈ കാർട്ടൂൺ കഥാപാത്രത്തെ പ്രശസ്തനാക്കിയത് പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അവരുടെ രചനകളില്‍ കടം കൊണ്ടതോടെയാണ്. ടോംസ്, കെ. എസ് രാജൻ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ തങ്ങളുടെ ബോബനും മോളിയും, പാച്ചുവും കോവാലനും, ലാലു ലീല തുടങ്ങിയ കാർട്ടൂൺ പംക്തികളിൽ ഉപയോഗിച്ചിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു ജോർജ് കുമ്പനാട്. പരേതയായ ജോയമ്മയാണ് ഭാര്യ. നാല് പെണ്‍മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.