നർമത്തിന്റെ മർമം അറിഞ്ഞ ‘സു’
text_fieldsവര, എഴുത്ത്, നർമസംഭാഷണം; നർമത്തിന്റെ ഈ മൂന്നു മേഖലയിലും മികച്ചു നിന്നയാളായിരുന്നു കാർട്ടൂണിസ്റ്റ് സുകുമാർ. തിരുവനന്തപുരത്ത് അദ്ദേഹം തുടക്കം കുറിച്ച സംഘടനയാണ് നർമ കൈരളി. സമകാലിക വിഷയങ്ങളിൽ നർമസംഭാഷണങ്ങളുമായി എല്ലാമാസവും ‘ചിരിയരങ്ങ്’ എന്ന പേരിൽ ഒത്തുചേരൽ സംഘടിപ്പിച്ചിരുന്നു. സംസാരവും നാടകവും പാരഡി ഗാനങ്ങളുമായി ചിരിപ്പിക്കുന്നവരുടെ ഒരു കൂട്ടായ്മ. നല്ലൊരു ഗായകൻ കൂടിയായിരുന്നു അദ്ദേഹം. ചിരിയരങ്ങിൽ അദ്ദേഹം മനോഹരമായ പാരഡി ഗാനങ്ങളും ഹാസ്യ കവിതകളും ആലപിക്കും. കാർട്ടൂണിനെക്കാൾ കാരിക്കേച്ചറിലായിരുന്നു അദ്ദേഹം മികച്ചുനിന്നത്.
ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം തിരുവനന്തപുരത്തായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം അവസാന കാലത്ത് മകൾക്കൊപ്പം എറണാകുളത്തായിരുന്നു. ആ പറിച്ചുനടൽ ഏറെ വിഷമിപ്പിച്ചിരുന്നു. അതുപോലും നർമത്തിൽ ചാലിച്ചാണ് അദ്ദേഹം പറഞ്ഞിരുന്നത്. കോവിഡും നമ്മുടെ നാടിനെ ബാധിച്ച പ്രളയവും അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചു. എന്നാൽ, അതും നർമത്തിന്റെ മേമ്പൊടി ചേർത്ത് പറയാൻ ശ്രദ്ധിച്ചു. അവസാന കാലത്ത് കേൾവിക്കുറവുണ്ടായിരുന്നു. വിഷമങ്ങളിലും സന്തോഷങ്ങളിലും പ്രതിസന്ധികളിലും ചിരിയായിരുന്നു അദ്ദേഹത്തിന്റെ മരുന്ന്.
കാർട്ടൂണുകളെ പ്രോത്സാഹിപ്പിക്കാനായി കാർട്ടൂൺ അക്കാദമി നേതൃത്വം അദ്ദേഹം ഏറ്റെടുത്തു. സുകുമാറിന്റെ നേതൃത്വത്തിൽ കേരളത്തിലങ്ങോളമിങ്ങോളം ഒട്ടേറെ കാർട്ടൂൺ ക്യാമ്പുകൾ സംഘടിപ്പിച്ചു. വരയിൽ യുവതലമുറയെ പ്രോത്സാഹിപ്പിക്കാൻ മനസ്സു തുറന്ന കാർട്ടൂണിസ്റ്റായിരുന്നു അദ്ദേഹം. കാരിക്കേച്ചറിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യുവതലമുറക്ക് പറഞ്ഞുകൊടുക്കുമായിരുന്നു.
കാർട്ടൂണിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിലും ഏറെ താൽപര്യം പുലർത്തി. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാർട്ടൂൺ വരച്ചത് പി.എസ്. ഗോവിന്ദപ്പിള്ളയാണ്. വിദൂഷകൻ എന്ന മാസികയിൽ ‘മഹാക്ഷേമ ദേവത’ എന്ന പേരിൽ ആ മാസിക കണ്ടെത്തിയത് കാർട്ടൂണിസ്റ്റ് സുകുമാർ ആയിരുന്നു. തിരുവനന്തപുരം വഞ്ചിയൂരിലെ ലൈബ്രറിയിൽ നിന്നാണ് അദ്ദേഹം അത് കണ്ടെത്തിയത്. മറ്റു വിവരങ്ങൾ കണ്ടെത്താൻ എന്നെയാണ് അദ്ദേഹം നിയോഗിച്ചത്.
2019ലാണ് ഗോവിന്ദപ്പിള്ളയുടെ കുടുംബത്തെ ഞാൻ കണ്ടെത്തുന്നത്. ’90കളിലാണ് കാർട്ടൂണിസ്റ്റ് സുകുമാറിനെ പരിചയപ്പെടുന്നത്. തൃക്കാക്കര ഭാരതമാത കോളജിലെ എൻ.എസ്.എസ് ക്യാമ്പിൽ കാർട്ടൂൺ ക്യാമ്പിലാണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. അതിനു മുമ്പേ എഴുത്തുകൾ വഴിയും ഫോണിലും ബന്ധമുണ്ടായിരുന്നു. എന്നിലെ കാർട്ടൂണിസ്റ്റിനെ പ്രോത്സാഹിപ്പിക്കുന്നതിലും വളർത്തുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഞങ്ങൾ തമ്മിൽ കലഹങ്ങളുണ്ടായിട്ടുണ്ട്. ചില കേസുകളും മറ്റും ഇടക്കാലത്തുണ്ടായി. എന്നാൽ, അതിനെക്കാളേറെ സ്നേഹവും ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില തെറ്റിദ്ധാരണകളുടെ പുറത്താണ് അവയെല്ലാമുണ്ടായത്. സത്യം മനസ്സിലായപ്പോൾ അതെല്ലാം അവസാനിച്ചു. നമ്മളെ അകറ്റാൻ ആർക്കും കഴിയില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. കേരളത്തിലെത്തുമ്പോഴെല്ലാം അദ്ദേഹത്തെ സന്ദർശിക്കാറുണ്ടായിരുന്നു. ആഗസ്റ്റിലാണ് അവസാനമായി കണ്ടത്. ആളുകളെ പലരെയും അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ, എന്നെ അദ്ദേഹത്തിനു മനസ്സിലായി പേരുചൊല്ലി വിളിച്ചു. വിയോഗത്തിലൂടെ ഗുരുവിനെയും ജ്യേഷ്ഠസഹോദരനെയുമാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.