ബി.ജെ.പി പിന്തുണയിൽ രൂപംകൊള്ളുന്ന പാർട്ടിയുമായി ബന്ധമില്ലെന്ന് ‘കാസ’
text_fieldsകോഴിക്കോട്: ബി.ജെ.പിയുടെ പിന്തുണയോടെ രൂപംകൊള്ളുന്ന പുതിയ രാഷ്ട്രീയ കക്ഷിയായ നാഷനൽ പ്രോഗ്രസീവ് പാർട്ടിയുമായി (എൻ.പി.പി) തങ്ങൾക്ക് ബന്ധമില്ലെന്ന് തീവ്ര ക്രിസ്ത്യൻ വിഭാഗമായ ക്രിസ്ത്യൻ അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ. കേരള കോൺഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഉടൻ പ്രഖ്യാപിക്കുന്ന പാർട്ടിക്ക് ‘കാസ’ പിന്തുണയുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി രൂപംകൊള്ളുന്ന നാഷനൽ പ്രോഗ്രസീവ് പാർട്ടിയുമായി കാസക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും ആരുമായും ചർച്ച നടത്താനോ നീക്കുപോക്കുകൾ നടത്താനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെവിൻ പീറ്റർ വിഡിയോ സന്ദേശത്തിൽ അറിയിച്ചു.
'അഡ്വ. ജോയ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ‘കാസ’ പാർട്ടിക്കൊപ്പം ചേർന്നിരിക്കുന്നതെന്നാണ് വാർത്തയുള്ളത്. എന്നാൽ, സംഘടനാവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ നേരത്തെ പുറത്താക്കപ്പെട്ട മുൻ സെക്രട്ടറിയാണ് ഇദ്ദേഹം. ‘കാസ’ ജനറൽ സെക്രട്ടറിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം എൻ.പി.പിയിൽ കയറിപ്പറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ജോയ് എബ്രഹാം കാസയുടെ പേരിൽ നേതൃത്വം അറിയാതെ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ കോഴിക്കോട്ട് യോഗം വിളിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതേതുടർന്നാണ് സംഘടനയിൽനിന്ന് പുറത്താക്കിയത്.' പുറത്താക്കപ്പെട്ട ശേഷം സംഘടനയിലെ കുലംകുത്തികളുമായി ചേർന്ന് കാസയെ ശിഥിലമാക്കാനുള്ള കുത്സിത പ്രവർത്തനങ്ങൾ നടത്തിവരികയാണ് ജോയ് എബ്രഹാമെന്നും കെവിൻ പീറ്റർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.