ഉടൻ വരുന്നു, കൂടുതൽ കേസുകൾ
text_fieldsതിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന് ഒമ്പതാംദിനം നടിമാരുടെ പരാതികളിൽ നടപടികൾ ഊർജിതമാക്കി പൊലീസ്. നടിയുടെ പരാതിയിൽ സിദ്ദീഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. യുവനടനിൽനിന്നുള്ള ദുരനുഭവം വെളിപ്പെടുത്തിയ നടിയും ബുധനാഴ്ച പൊലീസ് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി.
സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം പരാതി പരസ്യമാക്കിയ മറ്റ് നടിമാരുമായും ബന്ധപ്പെട്ടതായാണ് വിവരം. വെളിപ്പെടുത്തിയ കാര്യങ്ങൾ പേര് സഹിതം പൊലീസ് മുമ്പാകെ ആവർത്തിക്കുകയാണെങ്കിൽ കേസെടുത്ത് മുന്നോട്ടുപോകാനാണ് തീരുമാനം. മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ അടുത്ത ദിവസങ്ങളിൽ കേസെടുക്കുമെന്നാണ് വിവരം. അതിനിടെ, സർക്കാർ രൂപവത്കരിച്ച് സിനിമാനയ രൂപവത്കരണ സമിതിയിൽനിന്ന് മുകേഷിന് പുറത്തേക്കുള്ള വഴി തെളിഞ്ഞു. സി.പി.എമ്മിന്റെ എം.എൽ.എ കൂടിയായ മുകേഷിനോട് സമിതി അംഗത്വം ഒഴിയാൻ പാർട്ടി നിർദേശിച്ചതായാണ് വിവരം. മുകേഷ് എം.എൽ.എ സ്ഥാനവും ഒഴിയണമെന്ന് സി.പി.ഐയും പ്രതിപക്ഷവും ബുധനാഴ്ചയും ആവർത്തിച്ചെങ്കിലും തൽക്കാലം രാജി വേണ്ടെന്ന നിലപാടിൽ തുടരുകയാണ് പാർട്ടി.
സംവിധായകൻ ഷാജി എൻ. കരുണിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണനും അംഗമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളിൽ പ്രതിസ്ഥാനത്തുള്ള ബി. ഉണ്ണികൃഷ്ണനെയും സമിതിയിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകരായ വിനയൻ, ആഷിക് അബു എന്നിവരും രംഗത്തുവന്നു. വിവാദത്തിൽനിന്ന് തടിയൂരാൻ ഭരണസമിതി ഒന്നടങ്കം രാജിവെക്കാനുള്ള തീരുമാനത്തിൽ താരസംഘടന ‘അമ്മ’യിലെ ഭിന്നതയും പുറത്തുവന്നു. കൂട്ടരാജി തീരുമാനം ഐകകണ്ഠ്യേനയായിരുന്നില്ലെന്നും തീരുമാനത്തോട് വിയോജിച്ചിരുന്നെന്നും അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ യുവതാരങ്ങൾ അനന്യ, സരയൂ മോഹൻ, വിനു മോഹൻ എന്നിവർ പറഞ്ഞു. അമ്മയുടെ പുതിയ നേതൃത്വം സംബന്ധിച്ച ചർച്ചകളും സജീവമാണ്. ജഗദീഷ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.
സിനിമ സാങ്കേതിക വിദഗ്ധരുടെ സംഘടന ഫെഫ്കയിലെ ഭിന്നതയും പരസ്യമായി. മുകേഷ് രാജിവെക്കണന്നെ ആവശ്യവുമായി 100 പേരടങ്ങുന്ന സ്ത്രീപക്ഷ പ്രവർത്തകർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. സമ്മർദം മുറുകുമ്പോഴും ഇക്കാര്യത്തിൽ സർക്കാറും സി.പി.എമ്മും ഇക്കാര്യത്തിൽ ബുധനാഴ്ച കൂടുതൽ പ്രതികരണത്തിന് തയാറായില്ല. മുകേഷിനെ അനുകൂലിച്ച് രംഗത്തുവന്ന സുരേഷ് ഗോപിക്കെതിരായ അതൃപ്തി ബി.ജെ.പി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.